എളുപ്പത്തിനായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാന്‍ നില്‍കേണ്ട ; ട്രാക്ക് മുറിച്ചുകടന്നാൽ പിഴ നൽകേണ്ടിവരും

ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴുള്ള പതിവ് കാഴ്ചയാണ് ചില ആളുകള്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടന്ന് ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നത്. ഫുട് ഓവര്‍ബ്രിഡ്ജ് വഴി അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് പകരം സമയം ലാഭിക്കാനും എളുപ്പത്തിനും ചെയ്യുന്ന ഈ രീതി വളരെ അപകടകരവും നിയമലംഘനവുമാണ്.

നിയമങ്ങള്‍ പാലിക്കാതെ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നത് പിടിക്കപ്പെട്ടാല്‍ ആ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ട്രാക്ക് മുറിച്ച് കടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അറിയാം.

ട്രാക്ക് മുറിച്ച് കടന്നാല്‍ എന്തൊക്കെ ശിക്ഷയാണ് ലഭിക്കുന്നത്

1989 ലെ ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 147 പ്രകാരം ട്രാക്ക് മുറിച്ച് കടക്കുന്നതിന് ഒരാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാവുന്നതാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 1,000 രൂപ വരെ പിഴ ചുമത്താം.

കൂടാതെ 6 മാസം വരെ തടവും ലഭിക്കാം.

ഇത് മാത്രമല്ല കേസിന്റെ കാഠിന്യം അനുസരിച്ച് കോടതിക്ക് പിഴയും തടവും വര്‍ധിപ്പിക്കാനും കഴിയും.

എന്തിനാണ് ഇത്രയും കര്‍ശനമായ നിയമങ്ങള്‍

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍

ട്രെയിന്‍ അപകടങ്ങള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ തടയുന്നതിന്.

ഒരു അതിവേഗ ട്രെയിനിന്റെ ദൂരവും വേഗതയും കൃത്യമായി കണക്കാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ട്രെയിന്‍ വരാം.

തിടുക്കവും അശ്രദ്ധയും കാരണം എല്ലാ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്ലാറ്റ് ഫോമില്‍നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ എപ്പോഴും ഫുട്ഓവര്‍ ബ്രിഡ്ജ് (FOB) ഉപയോഗിക്കുക.

സൗകര്യപ്രദമാണെങ്കില്‍ അണ്ടര്‍പാസുകള്‍, ലിഫ്റ്റുകള്‍ അല്ലെങ്കില്‍ എസ്‌കലേറ്ററുകള്‍ ഉപയോഗിക്കുക.

കൈയില്‍ ഭാരമേറിയ ലഗേജുണ്ടെങ്കില്‍ ഒരു പോര്‍ട്ടറുടെ സഹായം തേടുക.

സമയം ലാഭിക്കാന്‍ ഒരിക്കലും റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കരുത്.