വ്യോമസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയ വ്യോമയാന റഡാർ നിരീക്ഷണസംവിധാനം. നേത്ര-എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ(എ.ഇ.ഡബ്ല്യു. ആൻഡ് സി.) സംവിധാനമാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) വികസിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിലടക്കം പരീക്ഷണാർഥം ഉപയോഗിച്ച നിരീക്ഷണസംവിധാനമായ ഇതിന് സേനയുടെ പ്രവർത്തനാനുമതി ലഭിച്ചു.
കരറഡാർ മുഖേനയുള്ള നിരീക്ഷണത്തെക്കാൾ പലമടങ്ങ് കാര്യക്ഷമതയും കൃത്യതയുമാണ് നേത്രയുടെ പ്രത്യേകത. പോർവിമാനങ്ങൾക്കുമുകളിൽ ഘടിപ്പിക്കുന്ന റഡാർ മുഖേനയാണ് നിരീക്ഷണം. ആകാശത്തുനിന്നുള്ള നിരീക്ഷണമായതിനാൽ പത്ത് കരറഡാറുകൾക്ക് കഴിയുന്നത്ര പ്രദേശം നിരീക്ഷിക്കാൻ സാധിക്കും.
ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും. ലക്ഷ്യസ്ഥലങ്ങളിൽ കണ്ടെത്തുന്ന വസ്തുക്കൾ ശത്രുവിൻ്റേതാണോയെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഐ.എഫ്.എഫ്(ഐഡന്റിഫിക്കേഷൻ ഫ്രണ്ട് ഓർ ഫോ) സംവിധാനവും നേത്ര എ.ഇ.ഡബ്ല്യു ആൻഡ് സി.യുടെ ഭാഗമാണ്.
ശത്രുവിന്റെ റഡാറിൽ നിന്നുള്ള വിവരങ്ങൾ പിടിച്ചെടുക്കാനും സാധിക്കുന്നതിനാൽ എതിരാളികളുടെ നീക്കങ്ങൾ തിരിച്ചറിയാനും വേഗത്തിൽ പ്രതിരോധമാർഗം സ്വീകരിക്കാനും ഉപകരിക്കും. ഉപഗ്രഹമാർഗത്തിലുള്ള ആശയവിനിമയമായതിനാൽ വിവരങ്ങൾ കൈമാറാൻ ദൂരം തടസ്സമല്ല. വിമാനത്തിനുള്ളിലും കരയിലുമുള്ള സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കും.
ഡി.ആർ.ഡി.ഒ.യിലെ എയ്‌റോനോട്ടിക്സ് ക്ലസ്റ്റർ ഡയറക്‌ടർ ജനറലും മലയാളിയുമായ ഡോ. കെ. രാജലക്ഷ്‌മി മേനോൻ നേത്ര എ.ഇ.ഡബ്ല്യു. ആൻഡ് സി. വികസിപ്പിക്കുന്നതിനുള്ള ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചു.
