ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോഴത്തെ രീതിയിൽ ഓരോ മാസവും ഭണ്ഡാരം എണ്ണൽ തുടങ്ങിയിട്ട് 50 വർഷം. 1976 ജൂണിലാണ് പ്രതിമാസ ഭണ്ഡാരമെണ്ണൽ തുടങ്ങിയത്. അന്ന് വരവ് 3.86 ലക്ഷം രൂപ. അമ്പതു വർഷം പിന്നിടുമ്പോൾ, 8.50 കോടി രൂപയിലെത്തിയിരിക്കുകയാണ് ഭണ്ഡാരം വരവ്. കഴിഞ്ഞ ദിവസമാണ് ഒടുവിലെ ഭണ്ഡാരം വരുമാനത്തിൻ്റെ കണക്കുകൾ പുറത്തുവന്നത്. സർവകാല റെക്കോഡായ ആ തുക സുവർണ ജൂബിലി വർഷത്തിന്റെ പ്രത്യേകതയുമായി.
ആദ്യകാലങ്ങളിൽ ഭണ്ഡാരം തുറക്കുമ്പോൾ ഒട്ടു മുക്കാലും രണ്ട്, മൂന്ന്, അഞ്ച്, പത്ത്, 25 പൈസകളുടെ നാണയത്തുട്ടുകളാണ് ധാരാളം ലഭിച്ചിരുന്നത്. 2000, 1000, പഴയ 500 നോട്ടുകൾ നാടുനീങ്ങിയെങ്കിലും ഇപ്പോഴും ഭണ്ഡാരങ്ങളിൽ വരുന്നുണ്ട്. ഭണ്ഡാരങ്ങളുടെ എണ്ണവും കൂടി. ക്ഷേത്രത്തിനകത്തും പുറത്തുമായി 40-ഓളം ഭണ്ഡാരങ്ങളുണ്ട്. അതതു മാസം തുറന്നില്ലെങ്കിൽ നോട്ടുകളും നാണയങ്ങളും കൊണ്ട് ഭണ്ഡാരങ്ങൾ നിറഞ്ഞു കവിയും.
ഇപ്പോൾ പ്രതിമാസം അഞ്ച്-ആറ് കോടി രൂപയാണ് ശരാശരി ഭണ്ഡാരം വരവ്. ഇതിനു പുറമേ, വിവിധ ബാങ്കുകളുടെ ഇ-ഹുണ്ടികകളുണ്ട്. സ്കാനറുകൾ വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സംവിധാനം വഴി അടുത്തകാലത്തായി ആറു ലക്ഷത്തോളം രൂപയാണ് കാണിക്കയായി വരുന്നത്.
