പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്; ആദ്യം 10, 20 രൂപ നോട്ട്

രാജ്യത്തെ കറൻസി നോട്ടുകളിൽ അടിമുടി മാറ്റത്തിന് റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ രൂപാ നോട്ടുകൾ അച്ചടിക്കുന്നത് പേപ്പർ ഉപയോഗിച്ചാണ്. ഇതിനുപകരം, പ്രത്യേക പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്‌റ്റിക് കറൻസി അഥവാ പോളിമർ കറൻസിയായി പുറത്തിറക്കുക.

മുഷിയില്ല, ഏറെക്കാലം ഉപയോഗിക്കാം

കോട്ടൺ അധിഷ്ഠിതമായ പേപ്പർ ഉപയോഗിച്ചാണ് നിലവിൽ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകൾ ശരാശരി 3-4 വർഷം കഴിയുമ്പോൾ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകൾ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തിൽ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാൽ, പോളിമർ നോട്ടുകൾക്ക് ഈ പ്രശ്‌നമില്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതും നേട്ടമാണ്. പോളിമർ നോട്ടുകളും പഴ്സിലും പോക്കറ്റിലും മറ്റും മടക്കിവയ്ക്കാം. എളുപ്പത്തിൽ മുഷിയില്ല. കനവും കുറവാണ്.

2024-25ൽ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് പൊതുവിപണിയിൽ നിന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. മുൻവർഷത്തേക്കാൾ 12.3% അധികം. പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു.100ന്റെ നോട്ടുകളാണ് തൊട്ടുപിന്നാലെയുള്ളത്.

കള്ളനോട്ടടി കുറയും

പോളിമർ നോട്ടുകളുടെ വ്യാജൻ ഉണ്ടാക്കാൻ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്‌റ്റിക് ആയതിനാൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉൾക്കൊള്ളിക്കാം.

2024-25ലെ കണക്കുപ്രകാരം കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് 6372.8 കോടി രൂപ ചെലവഴിക്കേണ്ടി വന്നിരുന്നു. 2023-24ലെ 5101.4 കോടി രൂപയെ അപേക്ഷിച്ച് കുത്തനെ കൂടി. യുപിഐ അടക്കമുള്ള ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായെങ്കിലും ഇന്ത്യയിൽ ഇപ്പോഴും കറൻസി നോട്ടുകളുടെ പ്രചാരവും കൂടുന്നതായാണ് കണക്കുകൾ.

ഈ വർഷം മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസികൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11.5% അധികം. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒന്നരമാസത്തിനിടെ മാത്രം 1.15 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.

രാജ്യത്ത് മൊത്തം പ്രചാരത്തിലുള്ള കറൻസികളിൽ 40 ശതമാനവും 500ൻ്റെ നോട്ടുകൾ. 10 രൂപ നോട്ടുകൾ 16 ശതമാനമുണ്ട്. 10, 20, 50 രൂപനോട്ടുകളുടെ സംയോജിത വിഹിതം 32 ശതമാനമാണ്.

2012ലും പോളിമർ കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക് ആലോചിച്ചിരുന്നു. കൊച്ചി, മൈസൂർ, ജയ്‌പുർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിൽ പരീക്ഷണാർഥം 10 രൂപാ നോട്ടുകൾ അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്ന് അന്ന് പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളില്ല. മാത്രമല്ല, ഇപ്പോൾ എടിഎമ്മുകളുടെ സാങ്കേതികവിദ്യയും പോളിമർ നോട്ടുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന അനുകൂല ഘടകവും ഉണ്ട്.

പ്ലാസ്‌റ്റിക് കറൻസി ദീർഘകാലം ഈടുനിൽക്കുമെന്നതിനാൽ അടിക്കടി പുത്തൻ നോട്ട് അച്ചടിക്കേണ്ട സാഹചര്യം ഒഴിവാകും. അച്ചടിച്ചെലവ് വലിയതോതിൽ കുറയും. പരീക്ഷണാടിസ്‌ഥാനത്തിൽ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകൾ വിജയകരമായാൽ മറ്റു കറൻസികളിലേക്കും കടക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്.

1988ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോൾ 60ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നു. കാനഡ, യുകെ, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ്, ഇന്തൊനീഷ്യ, റൊമേനിയ തുടങ്ങിയവ അതിലുൾപ്പെടുന്നു.