സ്വർണം തുരുമ്പെടുക്കാത്തതിന്റെ രഹസ്യമെന്ത്?!

ഇരുമ്പും മറ്റു സാധാരണ ലോഹങ്ങളും പോലെ സ്വർണം തുരുമ്പെടുക്കില്ല. എന്നാൽ, അതിന്റെ യഥാർഥ കാരണം കാലങ്ങളായുള്ള ചർച്ചകളും ഗവേഷണങ്ങളും നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ടുലെയ്ൻ സർവകലാശാലയിലെ രണ്ട് ഗവേഷകർ ‘ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഇതിന് പ്രധാന കാരണമായി ഒരു പ്രത്യേക ആറ്റമിക പ്രക്രിയയെ ചൂണ്ടിക്കാണിക്കുന്നു.

നിലവിലുണ്ടായിരുന്ന വിശദീകരണം ഇങ്ങനെ

സ്വർണം അതിന്റെ ഇലക്ട്രോണുകളെ ശക്തമായി പിടിച്ചുനിർത്തുന്നതുകൊണ്ട് ഓക്സിജന് അതിൻ്റെ പ്രതലത്തിൽ ബന്ധം സ്‌ഥാപിക്കാൻ പ്രയാസമാണ് എന്നതായിരുന്നു നിലവിലുണ്ടായിരുന്ന വിശദീകരണം. ഈ വാദം ശരിയാണെങ്കിലും, സ്വർണം ഓക്സ‌ീകരണത്തെ ചെറുക്കുന്നതിൻ്റെ പൂർണമായ ചിത്രം ഇത് നൽകുന്നില്ല.

പുതിയൊരു സ്വർണപ്രതലം രൂപപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു എന്നതാണ് കൂടുതൽ നിർണായകമായ ഘടകം. സ്വർണം മുറിക്കുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോൾ, പുറത്തുവരുന്ന ആറ്റങ്ങൾ അവയുടെ യഥാർത്ഥ സ്ഥാനങ്ങളിൽ തുടരുന്നില്ല. ഈ പ്രക്രിയ സംബന്ധിച്ച വിവരങ്ങളാണ് പുതിയ ഗവേഷണത്തിൽ കണ്ടെത്തിയത്.

‘സർഫേസ് റീകൺസ്ട്രക്‌ഷൻ’

സ്വർണം മുറിച്ചാൽ പ്രതലത്തിലെ ഘടന ചതുരാകൃതിയിൽനിന്ന് കൂടുതൽ സാന്ദ്രതയേറിയ ഷഡ്ഭുജാകൃതിയിലേക്ക് (hexagonal) മാറുന്നു. ‘സർഫേസ് റീകൺസ്ട്രക്‌ഷൻ’ (പ്രതല പുനഃസംഘടന) എന്നാണ് ഈ സ്വാഭാവിക പുനഃക്രമീകരണം അറിയപ്പെടുന്നത്. ഈ പുനഃസംഘടന നടക്കുന്നതിന് തൊട്ടുമുൻപുള്ള ചെറിയ ഇടവേളയിൽ, ഓക്സിജൻ തന്മാത്രകൾക്ക് വിഘടിച്ച് സ്വർണപ്രതലത്തിൽ പറ്റിപ്പിടിക്കാൻ വളരെ എളുപ്പമാണെന്നും ഗവേഷകർ കണ്ടെത്തി.എന്നാൽ, ആറ്റങ്ങൾ പുതിയ ഘടനയിലേക്ക് മാറിയാലുടൻ പ്രതലം അതിശക്തമായി പ്രതിരോധശേഷി നേടും.

ഈ പുനഃക്രമീകരണം ഓക്സിജനുമായുള്ള പ്രതിപ്രവർത്തന സാധ്യത നൂറുകോടിക്കും ഒരു ലക്ഷം കോടിക്കും ഇടയിൽ കുറയ്ക്കും. ഇലക്ട്രോണുകളെ പിടിച്ചുനിർത്താനുള്ള കഴിവും പ്രതല പുനഃസംഘടനയും ചേർന്ന ഈ ഇരട്ട സംരക്ഷണമാണ് നൂറ്റാണ്ടുകൾ കഴിഞ്ഞാലും സ്വർണവസ്‌തുക്കൾ തുരുമ്പെടുക്കുകയോ മങ്ങുകയോ ചെയ്യാത്തതിന് കാരണം.