പത്ത് മിനിറ്റ് എഐ ഉപയോഗിച്ചാൽ മനുഷ്യരുടെ ചിന്താശേഷി കുറയുമെന്ന് പഠനം

നിർമിതബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഇന്ന് വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും ഇന്ന് ആളുകൾ നിർമിതബുദ്ധിയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. ചാറ്റ് ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇവയുടെ അമിതമായ ഉപയോഗം മനുഷ്യൻ്റെ തലച്ചോറിനെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പുതിയ മുന്നറിയിപ്പുകൾ നൽകുകയാണ് ശാസ്ത്രലോകം.

കാർണഗി മെലോൺ യൂണിവേഴ്സിറ്റി, എംഐടി, ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി, ലോസ് ആഞ്ജലീസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ഉള്ളത്. കേവലം പത്ത് മിനിറ്റ് നേരത്തെ നിർമിതബുദ്ധി ഉപയോഗം പോലും ഒരു വ്യക്തിയുടെ ചിന്താശേഷിയെയും പ്രശ്നപരിഹാര ശേഷിയെയും അതിവേഗം പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ഗണിത പ്രശ്നങ്ങളും വായനയുമായി ബന്ധപ്പെട്ട ടാസ്കുകളും ഓൺലൈനായി നൽകിയാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ഇതിൽ ചിലർക്ക് ടാസ്കുകൾ ചെയ്യാൻ സഹായിക്കുന്നതിനായി എഐ അസിസ്റ്റന്റുകളെ നൽകിയിരുന്നു. തുടർന്ന് പെട്ടെന്ന് ഈ എഐ അസിസ്റ്റൻ്കളെ മാറ്റിയപ്പോൾ, ടാസ്‌കുകൾ പൂർത്തിയാക്കാൻ എഐയെ ആശ്രയിച്ചിരുന്നവർ പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്തുന്നതിൽ നിന്ന് പിന്മാറുന്നതായും ഉത്തരങ്ങളിൽ തെറ്റുകൾ വരുത്തുന്നതായും ഗവേഷകർ കണ്ടെത്തി. എഐയുടെ അമിതമായ ഉപയോഗം ഉൽപാദനക്ഷമത വർധിപ്പിച്ചേക്കാമെങ്കിലും, അത് അടിസ്ഥാനപരമായ ചില പ്രശ്‌നപരിഹാര ശേഷികളെ ഇല്ലാതാക്കുന്നു എന്നാണ് പഠനം വ്യക്തമാകുന്നത്.

AI Assistance Reduces Persistence and Hurts Independent Performance’  എന്ന പേരിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൈക്കിൾ ബക്കർ, ഗ്രേസ് ലിയു, ബ്രയാൻ ക്രിസ്റ്റ്യൻ, സ്വെറ്റോമിറ ഡംബൽസ്ക, രചിത് ദുബെ എന്നിവരാണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ടാസ്‌കുകൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിനായി എഐയെ ഉപയോഗിച്ചവരിലാണ് ഈ പ്രശ്നം കൂടുതലായി കാണാൻ സാധിച്ചത്. എന്നാൽ കേവലം സൂചനകൾക്കോ സംശയനിവാരണത്തിനോ വേണ്ടി മാത്രം എഐ ഉപയോഗിക്കുന്നത് ചിന്താശേഷിയെ കാര്യമായി ബാധിച്ചിട്ടില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിസ്ഥലത്തോ എഐ നിരോധിക്കണം എന്നല്ല ഈ പഠനത്തിൻ്റെ അർഥം എന്ന് എംഐടിയിലെ അസിസ്റ്റന്റ്റ് പ്രൊഫസറായ മൈക്കിൾ ബക്കർ വ്യക്തമാക്കുന്നു. പകരം എപ്പോൾ, എന്ത് തരത്തിലുള്ള സഹായമാണ് എഐ നൽകുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള ഉത്തരങ്ങൾ നേരിട്ട് നൽകുന്ന രീതിക്ക് പകരം, ഉപയോക്താക്കളെ പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുകയും അവരെ വെല്ലുവിളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് എഐയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിർമിതബുദ്ധി കാലക്രമേണ മനുഷ്യരെ എങ്ങനെ നിസ്സഹായരാക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ലേഖനത്തിൽ നിന്നാണ് ഇത്തരം ഒരു പഠനം നടത്താൻ ബക്കർക്ക് പ്രചോദനം ലഭിച്ചതെന്ന് വയേർഡ് ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

എഐയുടെ അപകടങ്ങളിൽ സാധാരണയായി മനുഷ്യർക്ക് അവയ്ക്ക് മേലുള്ള നിയന്ത്രണം നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളാണ് സങ്കൽപ്പിക്കാറുള്ളതെങ്കിലും, കൃത്യമായ ഏകോപനമില്ലാതെ എഐ ഉപയോഗിച്ചില്ലെങ്കിൽ അതിന് മനുഷ്യരെ തന്നെ അശക്തരാക്കാനുള്ള കെൽപ്പുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ പഠനം.