ബാങ്കിൽ നിന്നും ഇതര സാമ്പത്തിക സ്ഥാപനത്തിൽ നിന്നും എടുത്ത വായ്‌പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഇടപാടുകാർക്ക് റിസർവ് ബാങ്കിൻ്റെ (ആർബിഐ) മുന്നറിയിപ്പ്. വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് റിസർവ് ബാങ്ക് കാണുന്നത്.
വായ്‌പ എഴുതിത്തള്ളിയെന്ന വ്യാജേന കട എഴുതിത്തള്ളൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സമാനമായ രേഖകൾ നൽകും. സേവന നികുതിയെന്നോ നിയമപരമായ ചെലവുകളെന്നോ പറഞ്ഞ് വലിയ തുകകൾ ഫീസായി ഈടാക്കും. സർക്കാർ വായ്പകൾ എഴുതിത്തള്ളിയെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കും.
ഇത്തരം സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വായ്‌പകൾ എഴുതിത്തള്ളാൻ നിയമപരമായ അധികാരമില്ലെന്ന് ആർബിഐ വ്യക്തമാക്കി. ഇവരുമായി സഹകരിക്കുന്നത് വായ്പക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനൊപ്പം നിയമപരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കും.
വായ്പകളുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങൾക്കും അതത് ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ നേരിട്ട് സമീപിക്കണം. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെയോ മറ്റ് നിയമ നിർവഹണ ഏജൻസികളെയോ അറിയിക്കണം. ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിരതയെയും നിക്ഷേപകരുടെ താൽപ്പര്യങ്ങളെയും ബാധിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
