പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ (Census 2027) ആദ്യഘട്ടമായ ഭവന നിർണ്ണയത്തിനും ഭവന സെൻസസിനും (House Listing and Housing Operations – HLO) ഇന്ന് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തുടക്കമായി. 2026 ഏപ്രിൽ 16 വ്യാഴാഴ്‌ച മുതൽ മെയ് 15 വരെ നീണ്ടുനിൽക്കുന്ന മുപ്പത് ദിവസത്തെ തീവ്ര യജ്ഞത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
കർണാടക, ഗോവ, മിസോറാം, ഒഡീഷ, സിക്കിം. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ,ഡൽഹി എൻഡിഎംസി ഏരിയ, ഡൽഹി കന്റോൺമെൻ്റ് ബോർഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഫീൽഡ് തല വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്.
33 ചോദ്യങ്ങൾ: വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങൾ (ശുദ്ധജലം, വൈദ്യുതി, ശൗചാലയം), വീട്ടിലുള്ള ആസ്തികൾ (വാഹനങ്ങൾ, ഇൻറർനെറ്റ്) എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ ചോദിക്കുക.
ഡിജിറ്റൽ സെൻസസ്: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണിത്. ഉദ്യോഗസ്ഥർ മൊബൈൽ ആപ്പുകൾ വഴിയാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്.
സെൽഫ് എന്യൂമറേഷൻ: പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self-Enumeration) സൗകര്യം ഇത്തവണ ലഭ്യമാക്കിയിരുന്നു. ഈ സംവിധാനം ഉപയോഗിച്ചവർ തങ്ങൾക്ക് ലഭിച്ച SE ID ഉദ്യോഗസ്ഥർ എത്തുമ്പോൾ കൈമാറിയാൽ മതിയാകും.
കേരളത്തിലെ സാഹചര്യം
. സെൽഫ് എന്യൂമറേഷൻ (Self-Enumeration)- ജൂൺ 16 മുതൽ ജൂൺ 30 വരെ. ഈ കാലയളവിൽ കേരളത്തിലുള്ളവർക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം.
. നേരിട്ടുള്ള വിവരശേഖരണം (HLO Phase)- ജൂലൈ 1 മുതൽ ജൂലൈ 30 വരെ. സെൽഫ് എന്യൂമറേഷൻ ചെയ്യാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഓൺലൈനായി വിവരങ്ങൾ നൽകിയവർ തങ്ങളുടെ ‘SE ID’ മാത്രം കാണിച്ചാൽ മതിയാകും.
രണ്ടാം ഘട്ടം: ജനസംഖ്യയും ജാതിയും കണക്കാക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിലാണ് കേരളത്തിൽ നടക്കുക.
ഇന്ന് (ഏപ്രിൽ 16) കർണാടക അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ സെൻസസ് ആരംഭിച്ചെങ്കിലും, കേരളത്തിലെ ജനങ്ങൾ ജൂൺ പകുതിയോടെ മാത്രമേ വിവരങ്ങൾ നൽകി തുടങ്ങേണ്ടതുള്ളൂ.
ജനസംഖ്യാ കണക്കെടുപ്പിൻ്റെ രണ്ടാം ഘട്ടം (Population Enumeration) 2027 ഫെബ്രുവരിയിലാണ് നടക്കുക.
