വ്യക്തികൾ ഡിജിറ്റൽ ഉപകരണങ്ങളെയും (സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ) ഡിജിറ്റൽ ഉള്ളടക്കത്തെയും (സോഷ്യൽ മീഡിയ, ഗെയിമുകൾ, വീഡിയോ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഷോപ്പിംഗ്) അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് ഇന്ന്. മറ്റ് ആസക്തികളെപ്പോലെ തന്നെ ഡിജിറ്റൽ ആസക്തിയും ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെയും സാമൂഹിക ബന്ധങ്ങളെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. കഞ്ചാവും മദ്യവും ആസക്തിയുണ്ടാക്കുന്ന ലഹരിയായിരുന്നകാലത്തുനിന്ന് ഡിജിറ്റൽ ലോകം തുറന്നിട്ട അൻപതോളം ആസക്തികളാണ് വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും വെല്ലുവിളിയാകുന്നതെന്ന് മനോരോഗ വിദഗ്ധർ പറയുന്നു. ഇത്തരം ഡിജിറ്റൽ ആസക്തിയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം
ഉപയോഗം തിരിച്ചറിയുക: എത്രസമയം ഡിജിറ്റൽഫോണിലോ കംപ്യൂട്ടറിലോ ചെലവഴിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. ഫോണിലെ ‘ഡിജിറ്റൽ വെൽബീയിങ്’ അല്ലെങ്കിൽ ‘സ്ക്രീൻ ടീം’ ഫീച്ചറുകൾ ഉപയോഗിച്ച് കൂടുതൽസമയം കവരുന്നത് തിരിച്ചറിയാം.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക: സോഷ്യൽമീഡിയ ആപ്പുകളുടെയും മറ്റും നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം.
സമയപരിധി നിശ്ചയിക്കുക: ഗെയിം കളിക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും കൃത്യമായൊരു സമയം നിശ്ചയിക്കുക. ആപ്പുകൾക്ക് ‘ആപ്പ് ടൈമർ’ സെറ്റ് ചെയ്യാം. സമയം കഴിയുമ്പോൾ മുന്നറിയിപ്പുനൽകാൻ സഹായിക്കും.
ഫോൺരഹിത മേഖലകൾ: ഭക്ഷണമേശ, കിടപ്പുമുറി, ശൗചാലയം എന്നീ സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം.
ബദൽവിനോദങ്ങൾ: ഫോണിൽ നോക്കിയിരിക്കുന്നസമയത്ത് ചെയ്യാവുന്ന മറ്റ് കാര്യങ്ങൾ കണ്ടെത്തുക. വായന, വ്യായാമം, കൃഷി, അല്ലെങ്കിൽ സുഹൃത്തുക്കളുമായി നേരിട്ട് സംസാരിക്കുക തുടങ്ങിയവ ശീലമാക്കാം.
