ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ ലൈസൻസ് മരവിപ്പിക്കും

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും. നിശ്ചിതദിവസത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടിവരും. ഇതിൽ പാസായാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. ജോ. ആർ.ടി.ഒ., ആർ.ടി.ഒ.മാരാണ് പരിശോധന നടത്തേണ്ടത്.

ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നൽകുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാൽ ലൈസൻസ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ നിർദേശിച്ച എട്ട്, എച്ച് ടെസ്റ്റുകൾ നടത്താൻ പറ്റില്ലെങ്കിലും കേന്ദ്രനിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.

ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സൂപ്പർ ചെക്കിങ് നടത്താൻ ആർടിഒമാർക്ക് നിർദേശം നൽകിയത്. ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും.

റോഡ് സുരക്ഷയിലും ഗതാഗതനിയമങ്ങളിലും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും പരിശോധിക്കും. മിനിസ്റ്റിരീയിൽ ജീവനക്കാരടക്കം എംവിഡി ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് മാസത്തിലൊരിക്കൽ പാസാകണം. ഡ്രൈവിങ് സ്കൂൾ പരിശീലകർക്കും ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് നിർബന്ധമാണ്. ഓരോ മാസം കൂടുമ്പോഴും ഇവർ ടെസ്റ്റ് പാസാകണം.