സംസ്ഥാനത്ത് എയ്ഡ്സ് കേസുകൾ കൂടുന്നു; തെറ്റ് പറ്റിയത് എവിടെ?

1980കളുടെ തുടക്കത്തിലാണ് ലോകത്താദ്യമായി എയ്‌ഡ്‌സ്‌ രോഗം കണ്ടെത്തിയത്. അമേരിക്കയിലായിരുന്നു ആദ്യ കേസ്. 1990കളിൽ എത്തുമ്പോഴേക്കും എയ്ഡ്സ് ലോകത്തിന്റെ മറ്റു കോണുകളിലേക്കും പടർന്നു. ആദ്യകാലത്ത് എച്ച്ഐവി അണുബാധയെക്കുറിച്ചു കാര്യമായ അറിവ് ശാസ്ത്രലോകത്തിന് ഇല്ലായിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ഇതിനെക്കുറിച്ചു പലരും പഠിച്ചുതുടങ്ങിയത്‌. ഇതിൻ്റെ തുടക്കം, അസുഖം പകരുന്ന രീതി, സുരക്ഷാമാർഗങ്ങൾ, ചികിത്സാരീതി തുടങ്ങിയ കാര്യങ്ങളിൽ പതിയെ വ്യക്തത വന്നുതുടങ്ങി. മരുന്നുകളും വിപണിയിൽ എത്തിത്തുടങ്ങി. രണ്ടായിരത്തിൻ്റെ തുടക്കത്തോടെ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കുറവു വരുത്താനും രോഗവ്യാപനത്തിൽ നിയന്ത്രണം കൊണ്ടുവരാനും ലോകരാജ്യങ്ങൾക്ക് പ്രത്യേകിച്ച് ഇന്ത്യയ്ക്കു സാധിച്ചു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച്, എച്ച്ഐവി നിയന്ത്രണത്തിൽ ഇന്ത്യ വളരെ മുന്നിലായിരുന്നു.

രണ്ടായിരത്തിന്റെ തുടക്കത്തിൽ എയ്ഡ്സ് മരുന്നുകളുടെ ഉൽപാദനം വൻതോതിൽ വർധിച്ചു. ലോകത്ത് മൊത്തം ഉൽപാദിപ്പിക്കുന്ന എയ്ഡ്സ് മരുന്നുകളുടെ 90 ശതമാനത്തോളം ഇന്ത്യയിൽ ഉൽപാദിപ്പിച്ചിരുന്ന സമയമുണ്ടായിരുന്നു. 2005 മുതൽ ഇങ്ങോട്ട് എയ്ഡ്സ് മൂലമുള്ള മരണങ്ങളുടെ അളവ് വളരെ കുറഞ്ഞു. എയ്ഡ്സ് ബാധിതരിൽ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരുന്നതും വളരെ ചുരുങ്ങി. കൃത്യമായി മരുന്നു കഴിച്ചാൽ ശരീരത്തിലെ വൈറസുകളുടെ എണ്ണം കുറഞ്ഞുവരും. അതു തീരെയില്ലാതാകുന്ന സ്‌റ്റേജിലെത്തും. അൺഡിറ്റക്ടബിൾ വൈറൽ ലോഡ് എന്നാണ് ഇതിനു പറയുക. ഇതോടെ ഇവരിൽനിന്നു മറ്റുള്ളവർക്കു രോഗം പകരാനുള്ള സാധ്യതയും കുറയും.

നാഷനൽ എയ്‌ഡ്‌സ് കൺട്രോൾ പ്രോഗ്രാം, നാഷനൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ, നാഷനൽ എയ്ഡ്‌സ് കൺട്രോൾ സ്ട്രാറ്റജി, എആർടി (ആന്റി റിട്രോവൈറൽ തെറപ്പി) തുടങ്ങി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സർക്കാർ പ്രോഗ്രാമുകളും പുതിയ ചികിത്സാ രീതിയുമെല്ലാം എയ്ഡ്സിനെ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു. ആശുപത്രികൾ വഴി രോഗം പടരാനുള്ള സാധ്യതയും ഗണ്യമായി കുറഞ്ഞു. 2020 ആയപ്പോഴേക്കും എയ്ഡ്സ് കേസുകളിൽ 60 ശതമാനത്തോളം കുറവുണ്ടായി.

എയ്ഡ്‌സിന്റെ ഇപ്പോഴത്തെ ‘രണ്ടാം വരവിന്’ പ്രധാനമായും മൂന്നു കാരണങ്ങൾ പറയാം.

ഒന്ന്: ചെറുപ്പക്കാർക്കിടയിലുള്ള ലഹരി ഉപയോഗം. പ്രധാനമായും ഐവി ഡ്രഗ് അബ്യൂസ് (സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുന്ന ലഹരികൾ). നിലവിലെ കേസുകളിൽ 10 ശതമാനത്തോളവും ഇപ്രകാരമാണെന്നു കണക്കാക്കുന്നു. ഇതു കൂടിക്കൊണ്ടിരിക്കുന്നു.

രണ്ട്: സ്വവർഗരതിയിലൂടെയുള്ള വ്യാപനം. സ്വവർഗാനുരാഗത്തിലെ ശരിതെറ്റുകൾക്കപ്പുറത്ത്,സുരക്ഷിതമല്ലാത്ത സ്വവർഗരതി മൂലമാണ് കേരളത്തിൽ ഇന്നു റിപ്പോർട്ട് ചെയ്യപ്പെടുന്ന 20% എയ്ഡ്സ് കേസുകളും.

മൂന്ന്: ഏറ്റവും പ്രധാന കാരണം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം തന്നെയാണ്. വ്യക്തിബന്ധങ്ങളിൽ ഉണ്ടായ കാലാനുസൃത മാറ്റമാകാം ഇതിനു കാരണം. ഗർഭധാരണം തടയാൻ മരുന്നുകഴിക്കാൻ ഭൂരിഭാഗം പേരും തയാറാണ്. എന്നാൽ, ലൈംഗിക ബന്ധത്തിലെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നില്ല. ടെസ്‌റ്റുകളുടെ എണ്ണം വർധിച്ചതും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാണ്. മറ്റു ലൈംഗിക രോഗങ്ങളിലുണ്ടായ വർധനയും എയ്‌ഡ്‌സ് നിയന്ത്രണ ദൗത്യത്തെ പിന്നോട്ടുവലിക്കുന്നുണ്ട്.

പ്രതിരോധം എങ്ങനെ?

ആളുകൾക്കു കൃത്യമായ അവബോധം നൽകുക എന്നതാണ് എയ്‌ഡ്‌സ് വ്യാപനം നിയന്ത്രിക്കാനുള്ള അടിസ്ഥാനമാർഗം. കോണ്ടം പ്രമോഷൻ, ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കൽ, ഏർലി ഡിറ്റക്ഷൻ സ്ക്രീനിങ്ങിലൂടെ തുടക്കഘട്ടത്തിൽതന്നെ രോഗം കണ്ടെത്തൽ, കൃത്യമായ മരുന്ന് ഉപയോഗം തുടങ്ങിയവയിലൂടെ എയ്‌ഡ്‌സിനെ നിയന്ത്രണവിധേയമാക്കാം. സ്കൂ‌ളുകളിലും കോളജുകളിലും ഇതു സംബന്ധിച്ച ബോധവൽക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എയ്ഡ്സ് വന്നാലും ചികിത്സിക്കാമല്ലോ എന്നൊരു ചിന്ത ചിലർക്കുണ്ട്. രോഗം പിടിപെട്ടാലുള്ള പ്രയാസങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ അത്തരമൊരു ചിന്ത വരില്ല. എയ്ഡ്സ് വരാതിരിക്കാനുള്ള മരുന്നുകളും ഇന്നു ലഭ്യമാണ്. ഇതിനു പ്രീ എക്സ്പോഷർ പ്രൊഫിലാക‌ിസ്എന്നു പറയും. ഇതിൻ്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടണം.

ഇന്ത്യയിൽ ആദ്യകാലത്ത് മെട്രോപ്പൊലിറ്റൻ നഗരങ്ങളിലായിരുന്നു എയ്ഡ്‌സ് വ്യാപനം കൂടുതലും. കേരളം ഈ പട്ടികയിൽ ഇല്ലായിരുന്നു. കേരളീയരുടെ വ്യക്‌തിശുചിത്വവും വിദ്യാഭ്യാസവും എല്ലാം ഇതിലൊരു ഘടകമായിരുന്നു. ഇന്ത്യയിൽ ഏകദേശം 25 ലക്ഷം എയ്‌ഡ്‌സ് ബാധിതരുണ്ടെന്നു കണക്കാക്കിയാൽ കേരളത്തിൽ അത് ഏതാണ്ട് 25,000 പേരാണ്. ഒരു വർഷം 1000ൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കാലമുണ്ടായിരുന്നു കേരളത്തിൽ. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതിൽ മാറ്റമുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിമാസം നൂറിലധികം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തെപ്പോലുള്ള ചെറിയ സംസ്ഥാനത്തെ സംബന്ധിച്ച് അതു വലിയ നമ്പറാണ്.