എടിഎമ്മില്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും?

എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ട്തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് പിന്‍ മോഷണം തടയാനും ഹാക്കര്‍മാരില്‍നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും എന്ന പ്രചരണത്തെ പിന്തുണയ്ക്കുന്ന ഒരു നിര്‍ദ്ദേശവും ആര്‍ബിഐയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ പുറപ്പെടുവിച്ചിട്ടില്ല. ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് നിലവിലെ ഇടപാട് റദ്ദാക്കുകയും എടിഎമ്മിനെ അതിന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുകയും ചെയ്യും. അതല്ലാതെ മറഞ്ഞിരിക്കുന്ന മാല്‍വെയര്‍ അല്ലെങ്കില്‍ ഹാക്കിംഗ് ശ്രമം ഇവയെ ഒന്നും പ്രവര്‍ത്തനരഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ല.

എന്താണ് യഥാര്‍ഥത്തില്‍ ക്യാന്‍സല്‍ ബട്ടണിന്റെ ഉപയോഗം

എടിഎം ഇടപാട് നടത്തുന്നതിനിടയില്‍ തെറ്റായ ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ നടന്നുകൊണ്ടിരിക്കുന്ന ഇടപാട് ഉടനടി റദ്ദാക്കുക. എടിഎം സ്‌ക്രീനിനെ ഹോം സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരിക. എന്നിവയാണ് ഈ ബട്ടണിന്റെ ഉദ്ദേശ്യം.

എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

എടിഎം മെഷീനില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ബാങ്കിനെ അറിയിക്കുക.

എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം ലഭിക്കാനുള്ള സൗകര്യം ചെയ്തുവയ്ക്കുക.

പിന്‍നമ്പര്‍ അടിച്ചുകൊടുക്കുമ്പോള്‍ എപ്പോഴും കീപാട് മറച്ച് വയ്ക്കാന്‍ ശ്രദ്ധിക്കുക.

ഇടപാട് പൂര്‍ത്തിയായ ശേഷം ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തി നിലവിലെ ഇടപാടില്‍നിന്ന് പുറത്ത് കടന്നുവെന്ന് ഉറപ്പുവരുത്തുക. ഇത് അടുത്ത ഉപഭോക്താവിന് നിങ്ങളുടെ അക്കൗണ്ട് അബദ്ധത്തില്‍ പോലും ആക്‌സസ് ചെയ്യുന്നത് തടയും.

എടിഎം പിന്‍ ഇടയ്ക്കിടയ്ക്ക് മാറ്റുന്നത് നന്നായിരിക്കും.

എടിഎം കാര്‍ഡ് നഷ്ടപ്പെടുകയോ അത് എടിഎം മെഷീനില്‍ കുടുങ്ങി പോവുകയോ ചെയ്താല്‍ ഉടനടി ബാങ്കിനെ അറിയിക്കുക.

കഴിവതും ബാങ്ക് പരിസരത്ത് കാണുന്ന എടിഎമ്മുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.