നേരേകടവ്- മാക്കേക്കടവ് പാലം നിർമാണം 450 മീറ്റർ പൂർത്തിയായി. 800 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 80% ആണിപ്പോഴത്തെ നിർമാണ പുരോഗതി. നിർമാണത്തിനാവശ്യമായ 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേക്കടവിൽ കരയിൽ നിർമിച്ച ശേഷമാണ് കായലിനു മുകളിൽ സ്ഥാപിക്കുന്നത്. 22 സ്പാനുകളിൽ (നാല് ഗർഡറുകൾ ചേരുന്ന ഭാഗം) 15 എണ്ണം സ്ഥാപിച്ചു. ഇതിൽ 13–ാം സ്പാനിന്റെ കോൺക്രീറ്റിങ് നടക്കുകയാണ്. നേരേകടവ് ഭാഗത്ത് 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്.
ഗർഡറുകൾ പൂർണമായി നിർമിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണനടപടികൾ തുടങ്ങുകയുള്ളു.പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിലും പുരോഗമിക്കുകയാണ്. ഡിസംബറിലോ, മാർച്ചിലോ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അടിക്കടിയുള്ള മഴ, നിർമാണത്തെ ബാധിക്കുന്നുണ്ട്. മുൻകൂട്ടി നിശ്ചയിക്കുന്ന കോൺക്രീറ്റുകളും നീണ്ടുപോകുന്നുണ്ട്.
ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് മാക്കേക്കടവ് – നേരേകടവ് പാലം. 11 മീറ്ററാണ് വീതി. 100 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം ഒരു വർഷത്തോളമായി പുനരാരംഭിച്ചിട്ട്.
