ഇനി ടോളില്ല, പകരം വാർഷിക പാസ്; 3000 രൂപയ്ക്ക് 200 യാത്രകൾ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് മന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു.

ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് – വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം മുതൽ അല്ലെങ്കിൽ 200 യാത്രകൾ വരെ സാധുതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും, പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും, എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും.

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും വാർഷിക പാസ് എന്ന് ഗഡ്‍കരി പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ, (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു.

60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേമെന്‍റുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത് എന്നും ഗഡ്‍കരി വ്യക്തമാക്കി.