ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55000 രൂപയിലെത്തി.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. പുതിയ റെക്കോർഡിൽ നിന്ന് പവൻ 120 രൂപയും ഗ്രാം 15 രൂപയും മാത്രം അകലെയാണിപ്പോൾ.
കഴിഞ്ഞമാസമാദ്യം പവൻ വില 52,560 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന് ഇതുവരെ കൂടിയത് 2,440 രൂപ. ഗ്രാമിന് ഒരുമാസത്തിനിടെ 305 രൂപയും ഉയർന്നു.
പ്രധാനമായും കനംകുറഞ്ഞ ആഭരണങ്ങൾ (ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ) നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 80 രൂപ കുതിച്ച് 5,710 രൂപയിലെത്തി.
വെള്ളി വില വീണ്ടും ഗ്രാമിന് 100 രൂപയും കുറിച്ചു. ഇന്ന് കൂടിയത് ഗ്രാമിന് ഒരു രൂപ. വെള്ളി ആഭരണങ്ങൾ, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും വെള്ളി വില വർധനയും തിരിച്ചടിയാണ്.
ഇന്നൊരു പവന്റെ വില ഇങ്ങനെ
വില കുതിച്ചതോടെ കേരളത്തിൽ സ്വർണാഭരണങ്ങളുടെ വാങ്ങൽ വിലയും ആനുപാതികമായി കൂടി. മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴാണ് വാങ്ങൽ വിലയാവുക.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജുവലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയാകാം.
അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ, നികുതിയടക്കം 59,540 രൂപ കൊടുത്താലേ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് 7,440 രൂപയെങ്കിലും കൊടുക്കണം.