തുടരെ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി.
3 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ഏറെ വൈകാതെ തന്നെ കോലിയെയും ജഡേജയും (0) ഒരു ഓവറിൽ പവലിയനിലെത്തിച്ച സ്കോട്ട് ബോളണ്ട് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടു. 86 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് കോലി മടങ്ങിയത്.
രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലക്സ് കാരിയാണ് ടോപ് സ്കോറര്‍. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു.