ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനത്തിന്റെ ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.
വന്ദേ ഭാരത് ഉൾപ്പടെ ട്രെയിനുകളിലെ എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് 25 ശതമാനം കുറയ്ക്കാൻ തീരുമാനം. എസി ചെയർകാർ സൗകര്യമുള്ള ട്രെയിനുകൾക്ക് ഇളവ് പ്രഖ്യാപിക്കാനുള്ള അധികാരം സോണൽ റെയിൽവേകളെ ഏൽപ്പിക്കാനും തീരുമാനമായി.
ലക്ഷ്വറി കോച്ചുകളായ അനുഭൂതി, വിസ്താഡോം കോച്ചുകൾകടക്കം എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകൾക്കും ഈ ഇളവുകൾ ലഭിക്കും. ഇതോടെ നിലവിലെ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ നിന്നും 25 ശതമാനം വരെ ഇളവുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റിസർവേഷൻ, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്‌റ്റി അടക്കമുള്ള മറ്റ് ചാർജുകൾക്ക് പ്രത്യേകം ഈടാക്കും. ഇളവുകൾ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക.
ഇളവ് ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കാണെന്ന് പറയുന്നു. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം.
വൈകാതെ തന്നെ കുറഞ്ഞ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് നിരക്കിളവ് ബാധകമായിരിക്കില്ല. അവധിക്കാല – ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.