കാനഡ പൗരന്മാർക്കുള്ള ഇന്ത്യന്‍ വിസാ വിതരണം നിർത്തി

കാനേഡിയൻ പൗരൻമാർക്ക് ഇന്ത്യന്‍ വിസ നൽകുന്നത് നിര്‍ത്തിവച്ചെന്ന അറിയിപ്പ് പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ്സൈറ്റിൽ നിന്നാണ് അറിയിപ്പ് നീക്കിയത്. എന്നാല്‍, അല്‍പ സമയത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക പ്രശ്നമാണോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന് ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിര്‍ത്തി വെക്കുകയാണ് എന്നാണ് വിദേശകാര്യവൃത്തങ്ങൾ ഏറ്റവുമൊടുവില്‍ അറിയിക്കുന്നത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായതോടെയാണ് ഇന്ത്യ നിലപാട് വിസ വിതരണം നിർത്തിയത്. കാനഡയിൽ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യുന്ന ബിഎൽഎസിലാണ് സർവ്വീസ് സസ്പെൻഡ് ചെയ്തു എന്ന് വെബ്സൈറ്റിലൂടെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇത് പിന്നീട് സ്ഥീരീകരിച്ചു. ചില വിഷയങ്ങൾ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കുന്നു എന്നായിരുന്നു അറിയിപ്പ്.

മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി 7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല.