ഇന്‍സ്റ്റഗ്രാമിലെ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും ലഭ്യമാകും

ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് വാട്‌സ്ആപ്പിലും ഒരുക്കുന്നത്.

ഇനി മുതൽ വാട്‌സ്ആപ്പിലും സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യുകയും ചെയ്യാം. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെൻഷൻ ചെയ്യുകയും ചെയ്യുന്നതിന് സമാനമാണ് ഇതും. പ്രൈവറ്റ് മെൻഷൻ സൗകര്യം ഉപയോക്താവിന് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറാണ്. നമ്മൾ ടാഗ് ചെയ്ത ആൾക്ക് മാത്രമേ മെൻഷൻ ചെയ്തുവെന്ന് അറിയാൻ കഴിയൂ. അയാൾക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

കോൺടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാൻ കഴിയുക. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്റ്റോറികളിൽ നമ്മൾ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്‌സ്ആപ്പിൻ്റെ ഈ പുതിയ ഫീച്ചറും. എന്നാൽ പുതിയ സൗകര്യങ്ങൾ എപ്പോൾ മുതൽ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റിലും ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങുമെന്നാണ് സൂചനകൾ.