

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം അയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം എത്തുക. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടും. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
മോട്ടോർ വാഹന വകുപ്പോ പൊലീസോ സാധാരണയായി വാട്സ്ആപ്പ് നമ്പറിലേക്ക് നിലവിൽ ചെലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചെലാൻ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ ചെലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും പിഴ ഉണ്ടോ എന്ന് അറിയാവുന്നതാണ്. പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.