ചെമ്മീനൊപ്പം മറ്റ്‌ സമുദ്രോൽപ്പന്നങ്ങൾക്കും അമേരിക്കയില്‍ നിരോധനം വരുന്നു

ചെമ്മീനൊപ്പം ഇന്ത്യയിൽ നിന്നുള്ള എല്ലാ സമുദ്രോൽപ്പന്നങ്ങൾക്കും ഇറക്കുമതി ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം. കടലാമയ്ക്കുപിന്നാലെ സസ്തനികളുടെ സംരക്ഷണത്തിൻ്റെ പേരിലാണ് 2026 ജനുവരി ഒന്നുമുതൽ ഉപരോധം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ 1972ൽ നിലവിൽവന്ന മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ടിൻ്റെ ഭാഗമായാണ് തീരുമാനം. തിമിംഗിലം, ഡോൾഫിൻ (കടൽപ്പന്നി), വാൽറസ്, ഹിമക്കരടി, ഹിമസിംഹം, ഓട്ടർ, സീൽ തുടങ്ങിയവയെ സംരക്ഷിക്കുന്നതാണ് നിയമം.

ഉപരോധത്തിനുമുന്നോടിയായി ഇന്ത്യയിലെ ഡോൾഫിനുകളുടെയും തിമിംഗിലങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ അമേരിക്ക നിർദേശിച്ചുകഴിഞ്ഞു. എംപിഇഡിഎയുടെ (സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി) ശുപാർശയെ തുടർന്ന് ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ് സർവേ നടത്തുന്നത്.

ഇന്ത്യയിൽ എവിടെയും സസ്‌തനിയെ വലയിൽ പിടിക്കുന്നില്ലെന്നാണ് സിഎംഎഫ്ആർഐയുടെ പ്രാഥമിക റിപ്പോർട്ട്. 32 ഇനം കടൽ സസ്തനികളുള്ളതിൽ 18 എണ്ണത്തെക്കുറിച്ച് പരിശോധിച്ചു. തിമിംഗിലങ്ങളും ഡോൾഫിനുകളുമാണ് പ്രധാന പഠനവിഷയമാക്കിയത്. 0.1 ശതമാനംമാത്രമാണ് വലയിൽ കയറുന്നതെന്നും അവയെല്ലാം ജൈവസാധ്യതാപരിധിയിലും താഴെയാണെന്നുമാണ് സിഎംഎഫ് ആർഐയുടെ വിലയിരുത്തൽ. ചെമ്മീൻ കൂടാതെ ഇന്ത്യയിൽ നിന്ന് ഞണ്ട്, ട്യൂണ, തിലാപ്പിയ, കിനാവള്ളി, കൊഞ്ച്, ചൂര, അലങ്കാരമീനുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.