ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). രാജ്യത്തെ പാർപ്പിട സമുച്ചയങ്ങളുടെയും ഓഫീസുകളുടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിലവാരം പരിശോധിക്കാൻ ഒരുങ്ങുന്നു. ഇതോടെ, ഒരു കെട്ടിടത്തിൽ എത്രത്തോളം മികച്ച ഇന്‍റർനെറ്റ്, ടെലികോം സൗകര്യങ്ങൾ ലഭ്യമാണെന്ന് സ്റ്റാർ റേറ്റിംഗിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. വെറും കെട്ടിടങ്ങൾ എന്നതിലുപരി ‘ഡിജിറ്റൽ റെഡി’ ആയ സ്മാർട്ട് കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ട്രായ് ലക്ഷ്യമിടുന്നത്. ഒരു വീടോ ഓഫീസ് സ്പൈസോ വാങ്ങുമ്പോൾ വൈദ്യുതിയും വെള്ളവും പോലെ പ്രധാനപ്പെട്ട ഒന്നായി ‘ഡിജിറ്റൽ കണക്റ്റിവിറ്റി’ മാറിയിരിക്കുന്നു. വർക്ക് ഫ്രം ഹോം, ഓൺലൈൻ വിദ്യാഭ്യാസം, ഡിജിറ്റൽ ബാങ്കിംഗ് എന്നിവ സർവ്വസാധാരണമായതോടെ, കെട്ടിടത്തിനുള്ളിലെ തടസ്സമില്ലാത്ത ഇന്‍റർനെറ്റ് ലഭ്യത ഒരു ആഡംബരമല്ല, ഒരാവശ്യമാണ്.
പലപ്പോഴും ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ആഡംബര ഫ്ലാറ്റുകളിൽ പോലും ലിഫ്റ്റിലോ മുറിക്കുള്ളിലോ കയറിയാൽ മൊബൈൽ റേഞ്ച് കിട്ടാത്ത സാഹചര്യം നാം കാണാറുണ്ട്. ട്രായ് (TRAI) ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ്. ഒരു കെട്ടിടം നിർമ്മാണ ഘട്ടത്തിൽ തന്നെ ഹൈ-സ്പീഡ് ഇന്‍റർനെറ്റിനും മികച്ച മൊബൈൽ കവറേജിനും അനുയോജ്യമായ രീതിയിലാണോ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ഈ റേറ്റിംഗിലൂടെ തിരിച്ചറിയാം.
ലാബ് പരിശോധനകൾക്ക് പകരം ഉപഭോക്താക്കൾക്ക് നേരിട്ട് അനുഭവപ്പെടുന്ന കണക്റ്റിവിറ്റി വേഗതയും സ്ഥിരതയും അളക്കുന്ന രീതിയാണ് ഇതിനായി അവലംബിക്കുന്നത്. കെട്ടിടത്തിനുള്ളിലെ ഫൈബർ കേബിളിംഗിന്‍റെ ഗുണനിലവാരം, ലിഫ്റ്റിലും ബേസ്‌മെന്‍റിലും ഉൾപ്പെടെയുള്ള മൊബൈൽ കവറേജ്, വൈ-ഫൈ, ബ്രോഡ്‌ബാൻഡ് സജ്ജീകരണങ്ങൾ എന്നിവ ഇതിലൂടെ കർശനമായി വിലയിരുത്തപ്പെടും. രാജ്യത്ത് നൂറ് കോടിയോളം ഇന്‍റർനെറ്റ് ഉപഭോക്താക്കളുള്ള ഈ കാലഘട്ടത്തിൽ ജോലി, വിദ്യാഭ്യാസം, ബാങ്കിംഗ് എന്നിവ സുഗമമായി നടക്കാൻ ഇത്തരം ഡിജിറ്റൽ സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്.
ഈ റേറ്റിംഗ് സംവിധാനം വരുന്നതോടെ വീട് വാങ്ങുന്നവർക്കും വാടകയ്ക്ക് എടുക്കുന്നവർക്കും ആ കെട്ടിടത്തിലെ ഡിജിറ്റൽ സൗകര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കുന്നു. മികച്ച റേറ്റിംഗ് ഉള്ള കെട്ടിടങ്ങൾക്ക് വിപണിയിൽ കൂടുതൽ മൂല്യം ലഭിക്കുമെന്നത് ബിൽഡർമാർക്കും ഗുണകരമാകും. സ്മാർട്ട് ഹോം സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ കെട്ടിടം സജ്ജമാണോ എന്ന് തിരിച്ചറിയാനും ബിൽഡർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഈ മാനദണ്ഡങ്ങൾ സഹായിക്കും.
