ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഇനി സ്ക്രീനിൽ കാണാം, കോളർ ഐഡി സംവിധാനത്തിന് ട്രായ് അനുമതി

ഫോൺ വിളിക്കുന്നയാളുടെ പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധിതമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ടെലികോം വകുപ്പ് നൽകിയ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നൽകി. കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന് വിളിക്കുന്ന ഈ ഫീച്ചർ, ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയുടെ ഉടമയുടെ വിവരങ്ങളാണ് ഉപയോഗപ്പെടുത്തുക.

ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ ഫീച്ചർ ലഭ്യമാക്കണം. ഏതെങ്കിലും ഉപഭോക്താവിന് ഈ ഫീച്ചർ ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം ടെലികോം സേവന ദാതാവിനെ അറിയിച്ചാൽ മതി. ഫീച്ചർ നിലവിൽ വരുന്നതോടെ അപരിചിതമായ നമ്പറിൽ നിന്ന് ഫോൺ വരുമ്പോൾ അത് ആരുടേതാണെന്ന് സ്ക്രീനിൽ കാണാനാവും.

ഫോൺ വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞാൽ ആ ഫോൺകോൾ എടുക്കണോ എന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും. തട്ടിപ്പുകാരിൽ നിന്നുള്ള കോളുകൾ തടയാനും ഇത് സഹായിക്കും. പുതിയ സംവിധാനത്തിൽ ഓരോ സേവനദാതാവും വരിക്കാരുടെ പേര് ഉൾക്കൊള്ളുന്ന കോൾ നെയിം ഡാറ്റാബേസ് കൈകാര്യം ചെയ്യേണ്ടതായി വരും.

നിലവിലുള്ള കോൾ ലൈൻ ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ ഒരു ഫോൺ കോൾ വരുമ്പോൾ സ്ക്രീനിൽ ഫോൺ നമ്പർ മാത്രമാണ് കാണിക്കുക. ആ നമ്പറിന്റെ ഉടമയാരാണെന്ന് മനസിലാവില്ല. ഇതറിയാൻ നിലവിൽ ട്രൂകോളർ പോലുള്ള തേഡ് പാർട്ടി ആപ്പുകളാണ് ആളുകൾ ഉപയോഗിക്കുന്നത്.