കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. വൈറസുകളും ബാക്ടീരിയകളും അവരുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. കൂടാതെ, തണുപ്പുകാലം സാധാരണയായി പനി, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്ന സമയമാണ്. ഇത് കുട്ടികളിൽ ന്യുമോണിയ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്.

കുട്ടികളിൽ ന്യുമോണിയ സാധ്യത കുറയ്ക്കുന്നതിന് ഇതാ ചില മാർ​ഗങ്ങൾ…

  • ന്യൂമോകോക്കൽ കൺജഗേറ്റ് വാക്‌സിനും (പിസിവി), ഫ്ലൂ വാക്‌സിനും ഉൾപ്പെടെയുള്ള വാക്സിനുകൾ കുട്ടികൾക്ക് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കുട്ടികളെ കൈ കഴുകാൻ ശീലിപ്പിക്കുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
  • കുട്ടിയെ സുഖമില്ലാത്തവരിൽ നിന്ന് അകറ്റി നിർത്തുക. പ്രത്യേകിച്ച് ജലദോഷമോ പനിയോ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉള്ളവരിൽ നിന്ന്. രോഗികളായി കാണപ്പെടുന്നവരിൽ നിന്നോ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ നിന്നോ അകലം പാലിക്കാൻ കുട്ടിയെ ഓർമ്മപ്പെടുത്തുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈ കൊണ്ട് മറയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കുക.
  • വീട് വൃത്തിയായും വായുസഞ്ചാരമുള്ളതായും ആരോഗ്യകരമായ ഇൻഡോർ അന്തരീക്ഷം നിലനിർത്തുക. ശുദ്ധവായു സഞ്ചാരം നിലനിർത്താൻ എയർ പ്യൂരിഫയറുകളോ തുറന്ന ജനാലകളോ ഉപയോഗിക്കുക. പൊടിയും അലർജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ തറകൾ, ഫർണിച്ചറുകൾ, പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക.
  • സമീകൃതാഹാരം, വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പോഷകസമൃദ്ധമായ ഭക്ഷണവും ലഘുഭക്ഷണവും നൽകുക, പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക, പതിവ് വ്യായാമവും ഔട്ട്ഡോർ കളികളും പ്രോത്സാഹിപ്പിക്കുക.