കേരളത്തിൽ വരും വർഷങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തൽ. 25 വർഷത്തിനുള്ളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻ്റർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡെവലപ്പ്മെന്റും പോപ്പുലേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും സംയുക്തമായാണ് പഠനം നടത്തിയത്.
നിലവിൽ രാജ്യത്ത് ഏറ്റവും കുറവ് ജനനനിരക്കുള്ള സംസ്ഥാനം കേരളമാണ്. 2051 ആകുമ്പോഴേക്കും സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് വരുമെന്നാണ് പഠനത്തിൽ പറയുന്നത്. കുട്ടികളുടെ അനുപാതം നിലവിലെ 19.3 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായി കുറയും. ജനനനിരക്ക് 1.4 ശതമാനമായി ഇടിവ് വരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 70ൽ നിന്ന് 80 ആകും. സ്ത്രീകളുടേത് 75 ആയിരുന്നത് 85 ആകും. 2041ഓടെ കേരളത്തിലെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തും. മൂന്ന് കോടി 65 ലക്ഷമാകും ജനസംഖ്യ. വീണ്ടും 10 വർഷം കൂടി കഴിയുമ്പോൾ ജനസംഖ്യ താഴ്ന്ന് മൂന്ന് കോടി 55 ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തൽ. വോട്ടർമാരിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനായിരിക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
