പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം അവസാനിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

ഷിഗെല്ല ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രതിദിന പകർച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്. പകർച്ചപ്പനി ബാധിച്ച് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത് 13,196 പേർ. മലപ്പുറത്താണ് പനി വ്യാപനം കൂടുതൽ. പ്രതിദിന ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ ബാധിതരുടെ എണ്ണവും ഉയർന്നു തന്നെ.