സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെൻ്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്‌ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിനുകീഴിലെ ആറ് ആശുപത്രികളിലെ സ്ട്രോക്ക് യൂണിറ്റുകളെയാണ് ഒരേസമയം 2 സർട്ടിഫിക്കേഷനുകൾക്കായി സജ്ജമാക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി എന്നിവയെയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുക. ഇവയ്ക്ക് അംഗീകാരം ലഭ്യമായാലുടൻ മറ്റ് ആശുപത്രികളെക്കൂടി ഈ നിലവാരത്തിലേക്ക് ഉയർത്താൻ നടപടിയെടുക്കും.
സ്ട്രോക്ക് അഥവാ പക്ഷാഘാത ചികിത്സയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക, രോഗിക്ക് നിശ്ചിത സമയത്തിൽ ചികിത്സ ലഭ്യമാക്കുക, ത്രോംബോലൈസിസ് ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ സർട്ടിഫിക്കേഷൻ നൽകുന്നത്. ആദ്യമായാണ് ആശുപത്രിയിലെ ഒരു പ്രത്യേക യൂണിറ്റിനുമാത്രമായി എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നത്. ഇതോടെ ഡബ്ല്യുഎസ്ഒ, എൻഎബിഎച്ച് സർട്ടിഫിക്കേഷനുള്ള സ്ട്രോക്ക് യൂണിറ്റുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. സർട്ടിഫിക്കേഷൻ വരുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ചികിത്സ ലഭ്യമാക്കാനാകും. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, ഉപകരണങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ സജ്ജമാക്കി വരികയാണ്.
മെഡിക്കൽ കോളേജുകൾക്കുപുറമെ 12 ആശുപത്രികളിൽ സ്ട്രോക്ക് ചികിത്സ ലഭ്യമാണ്. ത്രോംബോലൈസിസ് ചികിത്സ, സ്ട്രോക്ക് റീഹാബിലിറ്റേഷൻ, സ്ട്രോക്ക് സ്റ്റെബിലൈസേഷൻ തുടങ്ങിയ ചികിത്സകളാണ് നൽകുന്നത്.
ആരോഗ്യവകുപ്പിലെ സ്ട്രോക്ക് യൂണിറ്റുകളിലൂടെ 368 രോഗികൾക്ക് ഇതുവരെ വിജയകരമായി ചികിത്സ ലഭ്യമാക്കി. വളരെയേറെ ചെലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
