‘സെൻ യാർ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കന്യാകുമാരിക്ക് സമീപത്തെ ന്യൂനമർദത്തിന് ശക്തിയേറുന്നു

മലാക്ക കടലിടുക്കിനും ഇന്തൊനീഷ്യയ്ക്കും മുകളിലായി ‘സെൻ യാർ (Sen-yaar) ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് പേരിട്ടത്. അതേസമയം, കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി (Depression) മാറും. ആയതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ‌ാ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി കടലിന് മുകളിൽ ചക്രവാതചുഴി 4 ദിവസം കറങ്ങിയപ്പോൾ തിരുനെൽവേലി ഊതിൽ പെയ്‌തിറങ്ങിയത്‌ 718 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥ‌ാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യ ദിവസം 118 മി.മീ പെയ്ത‌പ്പോൾ രണ്ടും മൂന്നും ദിവസം പെയ്‌തത് 250, 232 മി.മീ വീതം ആയിരുന്നു.

ചുഴലിക്കാറ്റിന് പേരിടുന്നത് ആര്

ഇന്ത്യൻ സമുദ്രത്തിലെ (ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും) രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ഒരു നിശ്ചിത അന്തർദേശീയ ക്രമത്തിലൂടെ ആണ്. ഇന്ത്യൻ സമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് കാലാവസ്‌ഥ സംഘടന (WMO)യുടെ മേൽനോട്ടത്തിലുള്ള ഡൽഹിയിലെ റീജിയണൽ സ്പെഷലൈസ്‌ഡ് മെറ്റിയരോലോജിക്കൽ സെന്റർ (RSMC) ആണ്. വടക്കേ ഇന്ത്യൻ സമുദ്രമേഖലയിലെ ഇന്ത്യ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളാണ് പേരുകൾ നിർദേശിക്കുന്നത്.

ഓരോ രാജ്യവും 13 പേരുകൾ വീതം നിർദേശിക്കുന്നു. 2019 ൽ പുതുക്കിയ നിലവിലെ ലിസ്റ്റിൽ 169 പേരുകളുണ്ട്. രാജ്യങ്ങളുടെ പേരിന്റെ അക്ഷരമാല ക്രമത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ പട്ടികയിലെ പേരുകൾ നൽകും. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് മോൻത എന്ന് പേരിട്ടത് തായ്ല‌ൻഡ് ആണ്.