സ്കൂൾ വാർഷിക അവധി ജൂണിലേക്ക് മാറ്റില്ല

സംസ്‌ഥാനത്തെ സ്കൂ‌ളുകളിലെ വാർഷിക അവധിക്കാലം നിലവിലെ രീതിയിൽ തുടരും. ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി മഴക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിലേക്കു മാറ്റുന്നതിന് സർക്കാർ ആലോചിച്ചെങ്കിലും അതിന് പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയാണെന്നാണ് വിലയിരുത്തലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മറ്റുപല ഘടകങ്ങൾക്കുമൊപ്പം, അധ്യയന വർഷം 2 മാസം മുന്നിലേക്ക് നീളുന്നത് ഉപരിപഠന പ്രവേശനവുമായും വിവിധ പരീക്ഷകളുമായും ബന്ധപ്പെട്ട് പ്രായോഗിക പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്നതും പരിഗണിച്ചു.

പിൻ ബെഞ്ച് ഒഴിവാക്കുന്ന തരത്തിൽ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഇരിപ്പിടം ക്രമീകരിക്കണമെന്ന നിർദേശവും പൂർണതോതിൽ നടപ്പാക്കാനാകില്ലെന്നാണ് എസ്സിഇആർടിയുടെ പഠനത്തിൽ വ്യക്തമായത്. എൽപി ക്ലാസുകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ ഇത് നടപ്പാക്കാം എന്ന നിർദേശമുണ്ട്.

സ്കൂ‌ൾ ബാഗ് ഭാരം കുറയ്ക്കുന്നതിന് ചെറിയ ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ ക്ലാസ് മുറികളിൽ തന്നെ സൂക്ഷിക്കുന്നതിനും നിർദേശം നൽകി. 8ന് ചേരുന്ന സ്കൂൾ കരിക്കുലം കമ്മിറ്റിയാവും അന്തിമ തീരുമാനം എടുക്കുക.