അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ ചെലവേറും; ഫീസുകൾ കൂട്ടി സർക്കാർ

ജോലിക്കുവേണ്ടി അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ഇനി ചെലവേറും. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും 15 രൂപ മുതൽ 300 രൂപവരെ തൊഴിൽവകുപ്പ് കൂട്ടി.

2013 മുതൽ ഈടാക്കിവരുന്ന തുകയാണ് ഇപ്പോൾ വർധിപ്പിച്ചത്. നിശ്ചയിച്ച ഫീസല്ലാതെ തൊഴിൽദാതാക്കളിൽ നിന്ന് മറ്റു നികുതിയൊന്നും ഈടാക്കില്ല. അതിഥിതൊഴിലാളികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. അഞ്ചിൽത്താഴെ തൊഴിലാളികളാണെങ്കിൽ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമല്ല. തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് രജിസ്ട്രേഷൻ-ലൈസൻസ് ഫീസ് നിശ്ചയിക്കുക.

ഇതിനുപുറമേ, ഓരോ തൊഴിലാളിയുടെ പേരിലും 2300 രൂപവീതം കരുതൽനിക്ഷേപവും അടയ്ക്കണം. ഇത് പിന്നീട് തിരിച്ചുനൽകും. കേരളത്തിലേക്കുള്ള അതിഥിതൊഴിലാളികളുടെ വരവ് കൂടിയതോടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. രജിസ്ട്രേഷന് മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സൗകര്യവുമൊരുക്കി. പക്ഷേ, ഇപ്പോഴും ഇവരുടെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല.

അതിഥിത്തൊഴിലാളികൾ ഉൾപ്പെട്ട ക്രിമിനൽക്കേസുകൾ കൂടിയതോടെ, കണക്കെടുപ്പ് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. ‘ഒരു രാജ്യം ഒരു റേഷൻ’ പദ്ധതിക്കും മറ്റ് ആനുകൂല്യം ലഭ്യമാക്കാനും ഏത്രപേരുണ്ടെന്ന് അറിയേണ്ടതുണ്ട്.