സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ വേനൽ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനൽമഴ ലഭിയ്‌ക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഈ ദിവസങ്ങളിൽ പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും. വരും മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ മഴ ലഭിയ്‌ക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ സ്ഥാനത്തേയ്‌ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.