പിഎസ്‌സി ഓഫിസുകളിൽ ഉദ്യോഗാർഥികൾ ഹരിതചട്ടം പാലിക്കണമെന്ന് നിർദേശം

പിഎസ്‌സിയുടെ ആസ്ഥാന, മേഖലാ, ജില്ലാ ഓഫിസുകൾ സമ്പൂർണ ഹരിത ക്യാംപസുകളായി പ്രഖ്യാപിച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഉദ്യോഗാർഥികൾ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് പിഎസ്‌സി നിർദേശം.

ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാര സാധനങ്ങളും വെള്ളവും ഡിസ്പോസബിൾ പാത്രങ്ങളിൽ കൊണ്ടുവരുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള സാധനങ്ങളും പരമാവധി ഒഴിവാക്കണം. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ കൊണ്ടുവരികയാണെങ്കിൽ ഇവ ക്യാംപസിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബൂത്തുകളിൽ മാത്രം നിക്ഷേപിക്കുക. ഓഫിസിനകത്തും ക്യാംപസിലും ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ 3 വ്യത്യസ്ത ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്, പേപ്പർ, ഫർണിച്ചർ, ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്കരണത്തിനും റീസൈക്ലിങ്ങിനുമായി ക്ലീൻ കേരള കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. ദിവസേന 30 കിലോഗ്രാം ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.