ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാമത്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്. 1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 15 ലക്ഷവും 38000 രൂപയുമാണ് ആകെ സ്വത്ത്. ജമ്മു കശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് രണ്ടാം സ്ഥാനത്തുള്ളത്. 55 ലക്ഷം രൂപയാണ് സമ്പാദ്യം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്ത് വിട്ട് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. തിരഞ്ഞെടുപ്പിനായി നൽകിയ സത്യാവാങ്മൂലത്തിൽ നിന്നാണ് സ്വത്തുവിവരങ്ങൾ ശേഖരിച്ചത്.

ഏറ്റവും കൂടുതൽ ആസ്‌തിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാം സ്ഥാനത്ത്. 931 കോടി രൂപയുടെ സ്വത്തുവകകൾ ഇദ്ദേഹത്തിനുണ്ട്. തൊട്ടു പിറകിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 332 കോടി രൂപയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 51 കോടി രൂപയുടെ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരുടെയും കൂടി ആകെ ആസ്ത‌ി 1630 കോടി രൂപയാണ്.

സ്വത്തുവകകൾക്ക് പുറമേ ക്രിമിനൽ കേസുകളുടെ എണ്ണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 89 ക്രിമിനൽ കേസുകളാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് 47 കേസുകളുണ്ട്. ഈ പട്ടികയിലും പിണറായി വിജയൻ അവസാന സ്ഥാനമാണുള്ളത്. അദ്ദേഹത്തിനെതിരെ രണ്ട് ക്രിമിനൽ കേസുകളാണുള്ളത്. ഏറ്റവും കുറവ് ക്രിമിനൽ കേസുകൾ ഉള്ളവരുടെ കൂട്ടത്തിൽ ഡൽഹി, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമുണ്ട്.