ഒന്നാംവിളയ്‌ക്ക് സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലെത്തും. ശനിയാഴ്‌ച തന്നെ സപ്ലൈകോ ബാങ്കുകൾക്ക് തുക കൈമാറുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പിആർഎസ് ലഭിച്ച മുൻഗണനയനുസരിച്ച് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തുക കർഷകരുടെ അക്കൗണ്ടിലെത്തും. സംസ്ഥാന സർക്കാർ അനുവദിച്ച 175 കോടിയും കേന്ദ്രം കഴിഞ്ഞദിവസം നൽകിയ 73 കോടി രൂപയും ചേർത്താൽ ഇതുവരെ സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ 903 കോടി രൂപയാണ് നിലവിൽ നൽകാനുള്ള കുടിശ്ശിക. ഒപ്പം ഇത്തവണത്തെ ഒന്നാംവിളയുടെ വിലകൂടിയാകുമ്പോൾ 1,400 കോടിയോളം രൂപ ലഭിക്കണം. 500 കോടിയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വെറും 73 കോടി രൂപമാത്രം കേന്ദ്രം അനുവദിച്ചത്.
പാലക്കാട്ടുനിന്നാണ് ഒന്നാംവിളയ്‌ക്ക് കൂടുതൽ നെല്ലെടുത്തത്. 67,875 ടൺ സംഭരിച്ചു. ഇതിനുമാത്രം 191.41 കോടി രൂപ ലഭിക്കണം. സംസ്ഥാനത്താകെ 240 കോടിയോളം രൂപ കർഷകർക്ക് ലഭിക്കണം. കഴിഞ്ഞ രണ്ട് വിളകളിൽ എസ്‌ബിഐയും കനറാ ബാങ്കുമാണ് തുക വിതരണം ചെയ്‌തത്.