കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതിനിലയസാധ്യത സജീവമാക്കി കേരളം. വർധിക്കുന്ന വൈദ്യുതിയാവശ്യം നേരിടാൻ പുതിയ ഉത്‌പാദനസാധ്യതകൾ വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. കൊല്ലം ജില്ലയിലെ ചവറ തീരത്തോടുചേർന്നുള്ള കായംകുളത്തെ എൻ.ടി.പി.സി. ഭൂമി ഉപയോഗപ്പെടുത്തി നിലയം യാഥാർഥ്യമാക്കാനാണ് നീക്കം.
തമിഴ്നാട്ടിലെ കൽപാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്) സ്ഥാപിച്ചതാണ് കേരളത്തിന് പ്രചോദനം. കേരളത്തിലെ ഉന്നതതല ഉദ്യോഗസ്ഥസംഘം ഈമാസം അവസാനം ബാർക് മേധാവിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
കേരളതീരത്ത് രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കൽപാക്കത്തുള്ളത് ഇന്ത്യയിലെ ആദ്യത്തെ തോറിയം അധിഷ്ഠിത ആണവനിലയ പരീക്ഷണമാണ്.
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടൽത്തീരത്താണ്. യുറേനിയം 35 റിയാക്ടറിൽ തോറിയം നിക്ഷേപിച്ച് പ്രവർത്തിപ്പിച്ചാൽ യുറേനിയം 233 ഐസോടോപ്പ് ലഭ്യമാകും. ഇതിനെ ശുദ്ധീകരിച്ച് കൃത്രിമമായി ആണവോർജം ഉത്‌പാദിപ്പിക്കാം. ധാരാളം തോറിയം ശേഖരമുള്ളതുകൊണ്ടുതന്നെ ഊർജോത്‌പാദനത്തിന് ചെലവും കുറയും. ന്യൂക്ലിയർ ഫിഷൻതന്നെയാണ് ഇവിടത്തെ പ്രക്രിയ. ആണവറിയാക്ടറുകളെല്ലാം ശക്തമായ സുരക്ഷാകവചത്തോടെ ഒരുക്കുന്നതായതിനാൽ പാരിസ്ഥിതികമായോ അല്ലാതെയോ ഉള്ള ആശങ്കവേണ്ടായെന്ന് യു.എൻ. അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസിയിലെ ന്യൂക്ലിയർ സുരക്ഷാവിഭാഗം മുൻ ഇൻസ്പെക്ടർ ഡോ. എം.ആർ. അയ്യർ പറഞ്ഞു.