കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു

കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്. കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ അധികമായി കുറഞ്ഞത് ഉപരിതല മത്സ്യങ്ങളാണ്.

തെക്ക് കിഴക്കൻ അറബിക്കടലിൽ ഒന്നര ഡിഗ്രിയോളമാണ് വെള്ളത്തിന് ചൂട് കൂടിയത്. ഇതോടെ മീനുകൾ ഗതി മാറി താരതമ്യേന ചൂടുകുറഞ്ഞയിടങ്ങളിലേക്ക് മാറിപ്പോവുന്നു. മത്സ്യവരവ് കുറഞ്ഞതോടെ ഹാർബറുകളുടെ അനുബന്ധ ജോലിക്കാരും പ്രശ്നത്തിലായി.