ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് ഒരാഴ്‌ച മുൻപെടുത്ത ഗതാഗത പരിഷ്ക്കാരങ്ങൾ മൂന്നാറിൽ നടപ്പാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഈ മാസം 30 ന് മുൻപ് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണയിൽ ഓരോ വകുപ്പുകൾക്കും ചുമതല നൽകി. എന്നാൽ വിവിധ പഞ്ചായത്തുകളിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനായി നമ്പർ പതിപ്പിച്ച സ്‌റ്റിക്കർ നൽകുന്നത് സംബന്ധിച്ചും ഗൈഡുമാർക്ക് ലൈസൻസ് നൽകുന്നതും ഇരു വിഭാഗങ്ങളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് സമവായത്തിലുടെ നടപ്പാക്കുവാനും യോഗം തീരുമാനിച്ചു.
ഓഗസ്റ്റ് ഒന്നു മുതൽ ശനി, ഞായർ, അവധി ദിവസങ്ങൾ തുടങ്ങി തിരക്കുള്ള ദിവസങ്ങളിൽ വലിയ ബസുകൾ പഴയ മൂന്നാറിൽ നിർത്തിയിട്ട ശേഷം ചെറുവാഹനങ്ങളിൽ മാത്രമേ സഞ്ചാരികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കടത്തിവിടുകയുള്ളുവെന്നും സഞ്ചാരികളിൽ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനായി പ്രീപെയ്‌ഡ് കൗണ്ടർ സ്ഥാപിക്കുമെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ യോഗത്തിൽ അറിയിച്ചു.
നടപ്പിലാക്കുന്ന പ്രധാന തീരുമാനങ്ങൾ
. മൂന്നാർ, ദേവികുളം, മറയൂർ പഞ്ചായത്തുകളിലെ വിവിധ ടൂറിസം പോയിന്റുകളിൽ ഹോം ഗാർഡുകളെ നിയമിക്കും, പാർക്കിങ് സംവിധാനങ്ങൾ ഒരുക്കി ലഭിക്കുന്ന തുക ഇവരുടെ വേതനം നൽകുന്നതിനായി ഉപയോഗിക്കും
. രാജമല അഞ്ചാംമൈലിലെ പാതയോരത്തെ പാർക്കിങ് പാർക്കിനുള്ളിലാക്കും
ആനച്ചാൽ, ആൽത്തറ ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കും
. കെഎസ്ആർടിസി ഡിപ്പോയുടെ മുൻഭാഗത്തെ പാതയോരങ്ങളിൽ കെഎസ്ആആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ പാർക്കിങ്ങ് നിരോധിക്കും.
. രാജമല സന്ദർശനത്തിനെത്തുന്നവർക്ക് ഓൺലൈൻ ബുക്കിങ് വേളയിൽ സന്ദർശന സമയവും നിശ്ചയിച്ചു നൽകും
. ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് സിഗ്നലുകൾ സ്‌ഥാപിക്കും
. ജിഎച്ച് റോഡിലെ പാർക്കിങ് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കും
. ദേവികുളം, അടിമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പോസ്റ്റോഫിസ് കവലയിൽ നിന്നും വൺവേ സംവിധാനം ഏർപ്പെടുത്തും
. മൂന്നാർ ടൗണിലും പരിസരങ്ങളിലുമുള്ള ജീപ്പ്, ഓട്ടോ എന്നിവ വശങ്ങളിലേക്ക് മാത്രം പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു.
. ഇക്ക നഗറിലെ പാതയോരങ്ങളിലെ അനധികൃത പാർക്കിങ് നിരോധിക്കും
. ദേശീയ, സംസ്‌ഥാന പാതകളിലെ വഴിയോര കടകളും പെട്ടിക്കടകളും 30 ന് മുൻപ് ഒഴിപ്പിക്കും.
. മാട്ടുപ്പെട്ടി, ലക്കം ഭാഗങ്ങളിൽ കെ ഡിഎച്ച്പി, കെഎഫ്ഡിസി സഹകരണത്തോടെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും
