പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി മോട്ടോർവാഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കുമെന്ന് എംവിഡി കുറിപ്പിൽ പറഞ്ഞു.
വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും. കൂടാതെ നികുതി അടയ്ക്കേണ്ടതും പഴയ വാഹന ഉടമയുടെ ചുമതല തന്നെ ആയിരിക്കും. ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ആർടി ഓഫീസിൽ അപേക്ഷ നൽകി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിക്കണമെന്ന് എംവിഡി കുറിപ്പിൽ വ്യക്തമാക്കി.
ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം ഉദ്യോഗസ്ഥൻ വാഹനം നിശ്ചിത തിയതിയിൽ പൊളിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി വാഹനത്തിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുമെന്നും എംവിഡി കുറിപ്പിൽ പറഞ്ഞു.