സംസ്ഥാനത്ത് മോക് ഡ്രില്‍ ഇന്ന്; ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുകയാണ്. യുദ്ധമുണ്ടാവുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ ജനം സ്വീകരിക്കണം എന്നത് സംബന്ധിച്ച് മുന്‍കരുതല്‍ നല്‍കാനാണ് രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

1971ല്‍ ഇന്ത്യ – പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും സജ്ജമാക്കും. അതത് ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കും.

വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02-നും 4.29-നുമിടയിലാണ് മോക്ക് ഡ്രില്‍ നടത്തുക.

കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കാം. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും.

പൊതുസ്ഥലങ്ങളില്‍ ആദ്യം എമര്‍ജന്‍സി സൈറന്‍ മുഴങ്ങും. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്നാല്‍ നല്‍കുന്ന മുന്നറിയിപ്പ് സംവിധാനമാണിത്. എയര്‍ റെയ്ഡ് സൈറന്‍ എന്നാണിത് അറിയപ്പെടുന്നത്. യുക്രെയ്ന്‍ – റഷ്യ, ഇസ്രയേല്‍ – പലസ്തീന്‍ യുദ്ധ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈറന്‍ നല്‍കി വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്നത് നേരത്തെ കണ്ടിരുന്നതാണ്. സ്ഥിരമായി യുദ്ധമുണ്ടാകുന്നയിടങ്ങളില്‍ ബങ്കറുകളിലേക്കാണ് ജനങ്ങള്‍ സുരക്ഷയ്ക്കായി മാറുക. മോക്ഡ്രില്ലില്‍ സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.

എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.

വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.

സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.

കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാര്‍ഹികതല ഇടപെടലുകള്‍

മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.

2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.

എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.

വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ”ഫാമിലി ഡ്രില്‍” നടത്തുക.

സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.

ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.