എസ്.എം.എസ് ലഭിച്ചോ; പാചക വാതക സബ്‌സിഡി ഇനി ലഭിക്കില്ല, വിശദാംശങ്ങൾ അറിയാം

10 ലക്ഷം രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികള്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.

കുടുംബത്തിന്റെ വാർഷിക വരുമാനം 10 ലക്ഷം രൂപ കടന്നാല്‍ പാചകവാതക സബ്സിഡി നിർത്തലാക്കും. അതേസമയം വരുമാന വിവരത്തില്‍ തെറ്റുണ്ടെങ്കില്‍ 7 ദിവസത്തിനകം എണ്ണ കമ്പനികളെയോ ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് പരാതി നല്‍കണം. പൈപ്പ് ഗ്യാസ് കണക്ഷൻ (PNG) ഉള്ളവർക്ക് 2026 ജൂണ്‍ മുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാകില്ല. നിലവിലുള്ള സിലിണ്ടർ കണക്ഷനുകള്‍ ഉടൻ സറണ്ടർ ചെയ്യണം. പൈപ്പ് ഗ്യാസ് സൗകര്യമുള്ള മേഖലകളില്‍ ഉപഭോക്താവിന് സിലിണ്ടർ വേണോ പൈപ്പ് ഗ്യാസ് വേണോ എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇനി ഉണ്ടാകില്ല.

 

2016 മുതല്‍ നിലവിലുള്ളതാണ് 10 ലക്ഷം രൂപയുടെ വരുമാന പരിധിയെങ്കിലും, ഇത് ഇപ്പോള്‍ പെട്ടെന്ന് കർശനമാക്കുന്നത് അദാനി ഗ്യാസ് ഉള്‍പ്പെടെയുള്ള സ്വകാര്യ പൈപ്പ് ഗ്യാസ് വിതരണക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

നിലവില്‍ 14.5 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് മാസം 920 രൂപയോളമാണ് ഒരു ശരാശരി കുടുംബത്തിന് ചിലവ് വരുന്നത്. എന്നാല്‍ പൈപ്പ് ഗ്യാസിലേക്ക് മാറിയതോടെ ഇത് 1500 മുതല്‍ 2000 രൂപ വരെയായി വർധിച്ചു. ഉയർന്ന ചിലവ് കാരണം പലരും പൈപ്പ് ഗ്യാസ് ഉപേക്ഷിച്ച്‌ വീണ്ടും സിലിണ്ടറുകളെ ആശ്രയിച്ചു തുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ‘ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ’ എന്ന പേരില്‍ സർക്കാർ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാർഹിക ഉപഭോക്താക്കള്‍ക്ക് പുറമെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഗ്യാസ് ഉപയോഗിക്കുന്നവരെയും പൈപ്പ് ഗ്യാസിലേക്ക് മാറ്റാൻ സമ്മർദ്ദമുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവില്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 3050 രൂപ വരെ നല്‍കണം. വിലക്കയറ്റവും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഹോട്ടലുകളെയും മറ്റ്  സ്ഥാപനങ്ങളെയും പൈപ്പ് ഗ്യാസ് പദ്ധതിയോട് അടുപ്പിക്കാനാണ് അധികൃതരുടെ നീക്കം.