വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ  41.5 രൂപയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. വില കുറച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ വി 7.50 രൂപയും കുറച്ചിട്ടുണ്ട്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.  

ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമുണ്ടായ തുടർച്ചയായ വിലവർധനയ്ക്ക് പിന്നാലെയാണ് നിലവിൽ സിലിണ്ടർ വില കുറച്ചത്. ഇതിന് മുൻപ് പുതുവത്സര രാവിലാണ് വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചത്.

അന്താരാഷ്ട്ര എണ്ണ വിലയിൽ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ-ഡിമാൻഡ് എന്നിവയാണ് സിലിണ്ടർ വിലയിൽ പ്രതിഫലിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടർ വിലയിലെ ഈ മാറ്റമെന്നതും എടുത്തുപറയേണ്ടതാണ്.