എൽഡിസി എഴുതാന്‍ 12.95 ലക്ഷം അപേക്ഷകർ

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ജനുവരി 5ന് അവസാനിച്ചപ്പോൾ വിവിധ ജില്ലകളിലായി അപേക്ഷ നൽകിയത് 1295446 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്-174344. കുറവ് വയനാട് ജില്ലയിൽ- 40267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒരു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ അൻപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് അപേക്ഷകർ.

എൽഡിസിയുടെ കഴിഞ്ഞ 5 വിജ്‌ഞാപനങ്ങൾ പരിശോധിച്ചാൽ ഏറ്റവും കുറവ് അപേക്ഷകരാണ് ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരുന്നത് 2016ലെ വിജ്‌ഞാപനത്തിലാണ്. 1794091 പേർ അന്ന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ തവണത്തെ (2019) അപേക്ഷകരിൽ നിന്ന് 462892 അപേക്ഷകൾ ഇത്തവണ കുറഞ്ഞു. എൽഡിസി ഒഴിവുകളിലുണ്ടാകുന്ന കുറവാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്ന് വിലയിരുത്തുന്നു.

തസ്ത‌ികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് തസ്‌തികയിൽ അപേക്ഷ നൽകിയത് 11914 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ് -1774. കുറവ് പത്തനംതിട്ട ജില്ലയിൽ- 436. മറ്റു ജില്ലകളിലെ അപേക്ഷകർ: കൊല്ലം-1126, ആലപ്പുഴ-834, കോട്ടയം–583, ഇടുക്കി–649, എറണാകുളം–1116, തൃശൂർ–862, പാലക്കാട്-963, മലപ്പുറം-900, കോഴിക്കോട്-994, വയനാട്-447, കണ്ണൂർ-732, കാസർകോട്-498.

അതേസമയം, വിവിധ വകുപ്പുകളിൽ ലാസ്‌റ്റ് ഗ്രേഡ് സെർവൻ്റ് അപേക്ഷകർ മൂന്നര ലക്ഷം കടന്നു. ജനുവരി 6 വൈകിട്ട് 5 വരെ 350000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 രാത്രി 12 വരെ.