ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 7,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്. എന്നാൽ രാജ്യത്തെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?……
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിംഗാബാദാണ് ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ അതിർത്തി അവസാനിക്കുന്നതും ബംഗ്ലാദേശിന്റെ അതിർത്തി ആരംഭിക്കുകയും ചെയ്യുന്നത് ഇവിടെയാണ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഹബീബ്പൂർ പ്രദേശത്താണ് സിംഗാബാദ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ റെയിൽവേ സ്റ്റേഷൻ ബ്രിട്ടീഷ് ഭരണകാലത്താണ് സ്ഥാപിതമായത്. കൊൽക്കത്തയും ധാക്കയും തമ്മിലുള്ള ഗതാഗതബന്ധത്തിലും വ്യാപാരബന്ധത്തിലും സിംഗാബാദ് റെയിൽവേ സ്റ്റേഷൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ധാക്കയിലേക്ക് പോകാനായി ഇവിടെ എത്തിയിരുന്നുവെന്നത് ചരിത്രം.
മറ്റ് റെയിൽവേ സ്റ്റേഷനുകളെ പോലെ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്താറില്ല. അതിനാൽ തന്നെ ഇവിടെ ശാന്തമാണ്. ഗുഡ്സ് ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്താറുള്ളത്. ചിലത് ബംഗ്ലാദേശിലേക്കും സർവീസ് നടത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉള്ളത് പോലെ തന്നെയാണ് ഇപ്പോഴും ഈ റെയിൽവേ സ്റ്റേഷനുള്ളത്. കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.
1978-ലാണ് സിംഗാബാദിൽ നിന്ന് ഗുഡ്സ് ട്രെയിനുകൾ അനുവദിക്കാൻ കരാർ ഉണ്ടാക്കിയത്. പിന്നാലെ 2011-ലാണ് ഇതിൽ ഭേദഗതി വരുത്തിയത്. അതോടെ നേപ്പാളിലേക്കും മറ്റിടങ്ങളിലേക്കും ഓടുന്ന ട്രാൻസിറ്റ് ട്രെയിനുകളും ഇതുവഴി ഓടിക്കാൻ തീരുമാനമായി. ഇന്നും സിംഗാബാദിന്റെ പ്ലാറ്റ്ഫോമുകൾ ശൂന്യമാണ്. ടിക്കറ്റ് കൗണ്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. ഏതാനും ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഭൂമിശാസ്ത്രപരമായാണ് ഈ റെയിൽവേ സ്റ്റേഷനെ ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എന്നു വിളിക്കുന്നത്.