കുംഭമാസ പൂജ: ശബരിമല നട നാളെ വൈകീട്ട് തുറക്കും

കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് പതിനെട്ടാംപടി കയറി ദര്‍ശനം നടത്താം. നട തുറക്കുന്ന ദിവസം പ്രത്യേകപൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് നട അടയ്ക്കും.

കുംഭം ഒന്നായ 14- ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 5.30-ന് ഗണപതി ഹോമം. രാവിലെ 5.30 മുതല്‍ ഏഴുവരെയും ഒമ്പതുമുതല്‍ 11 വരെയും നെയ്യഭിഷേകം. രാവിലെ 7.30-ന് ഉഷപൂജ, തുടര്‍ന്ന് ഉദയാസ്തമയ പൂജ.12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും.

വൈകീട്ട് അഞ്ചിന് തുറക്കുന്ന നട രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.

18-ന് രാത്രി നട അടയ്ക്കും. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാണ്.