രാത്രിയിൽ വൈദ്യുതി തടസ്സം ഉണ്ടായാൽ അതിക്രമങ്ങള്‍ക്ക് മുതിരരുത്: അഭ്യർത്ഥനയുമായി കെഎസ്ഇബി

വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോർഡ് വർധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകൾ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എസിയുടെ ഉപയോഗം വർധിക്കുന്ന സമയത്താണ്. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

ഫ്യൂസ് പോകുമ്പോൾ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡർ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളിൽ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്. വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്‌ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാർ ഒരുക്കം നടത്തുകയും പെട്ടെന്ന് തന്നെ സ്‌ഥലത്തെത്തി തകരാർ പരിശോധിച്ച് വൈദ്യുതി വിതരണം പുന:സ്‌ഥാപിക്കുകയുമാണ് ചെയ്യുന്നത്.

പല കാരണങ്ങളാൽ വൈദ്യുതി തകരാർ സംഭവിക്കാം. തകരാർ കണ്ടെത്തി മാത്രമേ പരിഹരിക്കാൻ സാധിക്കു. പലപ്പോഴും അപകടകരമായ കാരണങ്ങൾ കൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്. അതു കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാത്രി സമയത്ത് കെഎസ്ഇബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മുന്നോ ജീവനക്കാർ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളു. ചിലയിടങ്ങളിൽ ജനങ്ങൾ സെക്ഷൻ ഓഫീസുകളിലെത്തി പ്രശ്‌നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കെതിരെ അതിക്രമങ്ങൾ നടത്തരുത്. -കെഎസ്ഇബി അറിയിച്ചു.

ജീവനക്കാരെ ആക്രമിക്കുന്നത് വൈദ്യുതി പുന:സസ്ഥാപിക്കുന്നത് വൈകാൻ കാരണമാകും. സാഹചര്യം മനസിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സെക്ഷൻ ഓഫീസിൽ വിളിക്കുമ്പോൾ കിട്ടാതെ വന്നാൽ 9496001912-ൽ വാട്‌സ്‌ആപ് സന്ദേശം അയക്കാമെന്നും കെഎസ്ഇബി അറിയിച്ചു.