നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ ഊർജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഇത്രയും പ്രധാനപ്പെട്ട രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ നൽകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ആർക്കൊക്കെയാണ് രക്തദാനം നടത്താൻ കഴിയുന്നത്? രക്തം നൽകിയാൽ ദാതാവിനു ദോഷമാണോ? എന്നിങ്ങനെ രക്തം ദാനം ചെയ്യുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ ചില്ലറയല്ല.
ശരാശരി 5 ലീറ്റർ രക്തമാണ് ഒരു വ്യക്തിയുടെ ശരീരത്തിലുണ്ടാവുക. എന്നാൽ ഒരു കിലോഗ്രാമിന് 50 മില്ലീ ലിറ്റർ എന്ന രീതിയിലേ ശരീരത്തിനു ദിവസവും രക്തം ആവശ്യമുള്ളു. ബാക്കി ശരീരം സൂക്ഷിച്ചിരിക്കുന്നതാണു ദാനം ചെയ്യുക. ദാനം ചെയ്ത് 24-36 വരെ മണിക്കൂറിനകം രക്തത്തിൻ്റെ അളവ് പഴയപടിയാകുകയും ചെയ്യും.
ശരീരത്തിനാവശ്യമായ പോഷകങ്ങളും ഓക്സിജനും വഹിക്കുകയും അതു കോശങ്ങളിലെത്തിക്കുകയും ചെയ്യുക, മാലിന്യങ്ങളെ നീക്കുക എന്നിവയാണ് രക്തത്തിൻ്റെ കടമകൾ. എ, ബി, എബി, ഒ എന്നിങ്ങനെയാണ് ബ്ലഡ് ഗ്രൂപ്പുകൾ (പോസിറ്റീവും നെഗറ്റീവും). രക്തത്തിലെ ആൻ്റിജൻ ഘടകങ്ങൾ (പ്രോട്ടീൻ പദാർഥം) വിലയിരുത്തിയാണിതു നിർണയിക്കുന്നത്. വളരെ അപൂർവമായ എച്ച്എച്ച് എന്ന ഗ്രൂപ്പുമുണ്ട്. 1952ൽ അന്നത്തെ ബോംബെയിൽ കണ്ടെത്തിയ ഇത് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്നും അറിയപ്പെടുന്നു. ഓരോ ഗ്രൂപ്പിനും യോജിക്കുന്ന രക്തം മാത്രമേ നൽകാനാകു. ഇല്ലെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാം. രോഗിയുടെയും ദാതാവിന്റെയും രക്തം ചേരുമോ എന്നു പരിശോധിക്കുന്നതാണ് ക്രോസ് മാച്ചിങ്.
ഒരാൾ നൽകുന്ന ഒരു യൂണിറ്റ് രക്തത്തിൽ നിന്നും ചുവന്ന രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് എന്നിവ വേർതിരിച്ച് മൂന്നു വ്യക്തികൾക്ക് നൽകാവുന്നതാണ്. സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതക്കുറവ് നികത്തുവാൻ സാധിക്കൂ. ആവശ്യമായ രക്തത്തിൻ്റെ 100 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കുവാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല.
രക്തദാനം: ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
- തലേദിവസം രാത്രി നന്നായി ഉറങ്ങിയിട്ടുണ്ടാകണം.
- രക്തദാനത്തിനു ശേഷം 15 മിനിറ്റ് ആശുപത്രിയിൽ വിശ്രമിക്കണം. ചിലർക്ക് തലകറക്കത്തിനുള്ള സാധ്യത ഉള്ളതിനാലാണ് വിശ്രമം നിർദേശിക്കുന്നത്.അതോടൊപ്പം ലഘുപാനീയം (ജ്യൂസ് പോലുള്ളവ) കഴിക്കണം. അരമണിക്കൂറിനകം തിരിച്ചു പോകാം.
- മദ്യപിച്ച് 24 മണിക്കൂറെങ്കിലും കഴിയാതെ രക്തദാനം നടത്തരുത്.
- ബിപി സാധാരണ നിലയിലാണെങ്കിലേ രക്തം നൽകാവൂ.
- കാലിന്റെ ഭാഗവും തലയുടെ ഭാഗവും ഉയർത്താനും താഴ്ത്താനും കഴിയുന്നതരം കിടക്കകളിലാണ് രക്തമെടുക്കുമ്പോൾ കിടത്തുക.
- ഏതാണ്ട് 10 മിനിറ്റു കൊണ്ട് രക്തമെടുത്ത് കഴിയും.
ശരീരത്തിന് ഗുണം
- ആരോഗ്യമുള്ള വ്യക്തികൾ രക്തം ദാനം ചെയ്യുന്നത് ശരീരത്തിന് ഗുണകരമാണ്. രക്തദാനത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിൻ്റെ സാധ്യത വളരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ്/ കൊളസ്ട്രോൾ, രക്തസമ്മർദ്ദത്തിൻ്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു.
- രക്തദാനത്തിലൂടെ പുതിയ രക്താണുക്കൾ രൂപപ്പെടുന്നതിനാൽ ഊർജ്ജ്വസ്വലമായ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുന്നു.
ഇവ ശ്രദ്ധിക്കാം
- 18നും 65നും ഇടയിലുള്ള ആരോഗ്യമുള്ളവർക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 45 കിലോയിൽ കൂടുതലാകണം.
- രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് 12.5 ൽ കൂടുതലായിരിക്കണം
- ഒരു തവണ രക്തം നൽകിയാൽ പുരുഷന്മാർക്ക് 3 മാസം കഴിഞ്ഞും സ്ത്രീകൾക്ക് 4 മാസം കഴിഞ്ഞും അടുത്ത രക്തദാനം നടത്താം
- രക്തദാനത്തിന് നാലു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കൊഴുപ്പുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക
- പ്രമേഹരോഗികളും കൊളസ്ട്രോൾ കൂടുതലായുള്ളവരും രക്തദാനം നടത്തരുത്.
- സ്ത്രീകൾ ആർത്തവസമയത്ത് രക്തദാനം നടത്തരുത്.
- മുലയുട്ടുന്ന അമ്മമാർ, 6 മാസത്തിനുള്ളിൽ അബോർഷൻ സംഭവിച്ച സ്ത്രീകൾ എന്നിവരും രക്തദാനം നടത്തുവാൻ പാടില്ല.