കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും മാർക്ക് വിവരങ്ങൾ അറിയാൻ സാധിക്കും. രാവിലെ നടക്കുന്ന വാർത്താസമ്മേളനത്തിന് ശേഷമാകും വെബ്സൈറ്റുകളിൽ റിസൾട്ട് ലിങ്കുകൾ സജീവമാകുക. ഗൾഫ് മേഖലയിലുൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം കൃത്യസമയത്ത് പൂർത്തിയാക്കാൻ പ്രത്യേക മൂല്യനിർണ്ണയ ക്രമീകരണങ്ങൾ ബോർഡ് ഏർപ്പെടുത്തിയിരുന്നു.
ഫലം എവിടെയൊക്കെ ലഭ്യമാകും?
വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാം:
keralaresults.nic.in
dhsekerala.gov.in
results.kite.kerala.gov.in
ഇവയ്ക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD Live), സഫലം (Saphalam), ഐഎക്സാംസ്-കേരള (iExams) എന്നീ ആപ്പുകൾ വഴിയും ഡിജിലോക്കർ, എസ്.എം.എസ് സംവിധാനങ്ങൾ വഴിയും ഫലം വേഗത്തിൽ ലഭ്യമാകും.
ഫലം പരിശോധിക്കേണ്ട വിധം
results.kite.kerala.gov.in അല്ലെങ്കില് മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ തുറക്കുക.
ഹോം പേജിലെ ‘Kerala Plus Two Result 2026′ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.
സ്ക്രീനിൽ തെളിയുന്ന പ്രൊവിഷണൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈനായി ലഭിക്കുന്ന മാർക്ക് ഷീറ്റിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ഓരോ വിഷയത്തിലെയും മാർക്ക്, ആകെ മാർക്ക്, ഗ്രേഡ്, പരീക്ഷാ ഫലം (പാസ്/ഫെയിൽ) എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കണം. വിവരങ്ങളിൽ എന്തെങ്കിലും പിശകുകൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തലുകൾക്കായി ഉടൻ തന്നെ സകൂൾ അധികൃതരെയോ ഡി.എച്ച്.എസ്.ഇ ഓഫീസിനെയോ സമീപിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനായി ഓൺലൈൻ മാർക്ക് ലിസ്റ്റ് താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. യഥാർത്ഥ സർട്ടിഫിക്കറ്റുകൾ പിന്നീട് സ്കൂളുകൾ വഴി വിതരണം ചെയ്യും.
