ദേശീയതലത്തിൽ സ്കൂൾ വിദ്യാർഥികളുടെ അടിസ്ഥാന വിഷയങ്ങളിലെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേയിൽ (നാസ് 2024) കേരളത്തിന്റേത് മികച്ച പ്രകടനം. മിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് കേരളത്തിലെ കുട്ടികൾ. 3,6,9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഭാഷ, ഗണിതം, പരിസര പഠനം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സർവേ നടത്തിയത്.
ആറാം ക്ലാസിൽ 67 പോയിന്റുമായി ഒന്നാമതെത്തിയ കേരളം 9ൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് പഞ്ചാബിനു (57) പിന്നിൽ രണ്ടാം സ്ഥാനക്കാരായത് (56). മൂന്നിൽ പഞ്ചാബിനും (80) ഹിമാചൽ പ്രദേശിനും (74) പിന്നിലുള്ള കേരളത്തിന് 73 പോയിന്റുണ്ട്. 3, 9 ക്ലാസുകളിൽ ഒന്നാമതും 6 ൽ രണ്ടാമതുമെത്തിയ പഞ്ചാബാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.
2021 ലെ സർവേയിൽ പിന്നിലായിപ്പോയ കേരളം മാസങ്ങൾ നീണ്ട സ്കൂൾതല പരിശീലനവും മാതൃകാ പരീക്ഷകളും അടക്കം മികച്ച തയാറെടുപ്പോടെയാണ് 2024ൽ മുന്നിലെത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നലെ വൈകിട്ടു വരെ വന്നിട്ടില്ലെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് കേരളത്തിന്റെ നേട്ടം വ്യക്തമാക്കിയത്. 74,000 സ്കൂളിലെ 21 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുത്ത സർവേയിൽ കേരളത്തിലെ 1644 വിദ്യാലയങ്ങളിൽ നിന്നായി 46,737 വിദ്യാർഥികളുണ്ടായിരുന്നു.
