കേരളത്തിൽ കാലവർഷം വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. കാലവർഷം എത്തുന്നതോടെ മഴ കൂടുതൽ സജീവമാകാനാണ് സാധ്യത.
കനത്തമഴയെത്തുടർന്ന് ഇന്ന്(03/06/2026) ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തീരദേശ മേഖലകളിലും മലയോര മേഖലകളിലും വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടലിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
