നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം 138 കോളേജ് അധ്യാപക തസ്തികകളിൽ വൈകാതെ നിയമനം നടക്കും.

2020-21-ൽ അനുവദിച്ച പുതിയ കോഴ്സുകൾക്കുവേണ്ടിയാണ് പുതുതായി സൃഷ്ടിച്ച 48 അധ്യാപകതസ്‌തികകൾ. 16 മണിക്കൂർ ജോലിഭാരമുള്ള വിഷയങ്ങളിലാണ് തസ്തിക സൃഷ്ട‌ിച്ച് നിയമനം നടത്തുകയെന്ന് സർക്കാർ വ്യക്തമാക്കി.

അധികതസ്‌തികകൾ പുനർവിന്യസിച്ചശേഷം 90 തസ്ത‌ികകളിൽ പുതിയ നിയമനത്തിനായി ചൊവ്വാഴ്ച ഉത്തരവിറങ്ങി. ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം 48 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.